കോട്ടയം വാകത്താനം വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മരിച്ചു.സഹോദരിയോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കുട്ടി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു
കോട്ടയം: വാകത്താനം ചക്കന്‍ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരന്‍ മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന്‍ മിലന്‍ കെ. ഷിജു ആണ് മരിച്ചത്. വീടിനു സമീപം ജല്‍ജീവന്‍ മിഷന്റെ വാട്ടര്‍ ടാങ്കിന് വേണ്ടി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടം. സഹോദരിയോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മിലന്‍ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.
ഞാലിയാകുഴി എം.ജി.എം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ മിലന്റെ ജീവന്‍, വീടിന് സമീപം ജല്‍ ജീവന്‍ മിഷന്റെ വാട്ടര്‍ ടാങ്ക് നിര്‍മ്മാണത്തിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടാണ് കവര്‍ന്നത്. സഹോദരിക്കൊപ്പം കുഴിയിലെ വെള്ളക്കെട്ട് കാണാന്‍ പോയ മിലന്‍ അബദ്ധത്തില്‍ കാല്‍വഴുതി വീഴുകയായിരുന്നു.
സഹോദരി ഓടിച്ചെന്ന് വീട്ടുകാരെ വിവരമറിയിക്കുകയും, മാതാപിതാക്കളും അയല്‍വാസിയായ ഗിരീഷ് കുമാറും ചേര്‍ന്ന് ഉടന്‍ തന്നെ കാറില്‍ മാങ്ങാനം മന്ദിരം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആ കുരുന്നിനെ രക്ഷിക്കാനായില്ല. ഒരു നാടിന്റെയാകെ പ്രതീക്ഷയും കണ്‍മണിയുമാണ് അശ്രദ്ധമായി ഇട്ട ഒരു കുഴിയിലെ വെള്ളത്തില്‍ പൊലിഞ്ഞുപോയത്.
മൃതദേഹം ഇപ്പോള്‍ മാങ്ങാനം മന്ദിരം ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം സംസ്‌കാരം പിന്നീട് നടക്കും.