ഐ.ടി നഗരമായി കൊട്ടാരക്കര; സംസ്ഥാനത്തെ ആദ്യ 'വര്‍ക്ക് നിയര്‍ ഹോം' കമ്മ്യൂണ്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കൊട്ടാരക്കരയെ സംസ്ഥാനത്തെ പ്രധാന ഐ.ടി നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായി, ആദ്യത്തെ 'വര്‍ക്ക് നിയര്‍ ഹോം' കമ്മ്യൂണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അമ്പലക്കര മൈതാനത്ത് നടന്ന ചടങ്ങില്‍ സംസാരിക്കവെ, പ്രാദേശികമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം പദ്ധതികള്‍ സംസ്ഥാന വ്യാപകമായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനായി മുന്‍കൈ എടുക്കണമെന്നും, അഭ്യസ്തവിദ്യരായ സ്ത്രീകള്‍ക്കും പഠനം കഴിഞ്ഞവര്‍ക്കും നൈപുണ്യ പരിശീലനം നല്‍കുന്നതിനായി നോളജ് ഇക്കോണമി മിഷന്‍ വഴി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.ടി വികസനത്തിന് പുറമെ വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് കൊട്ടാരക്കരയില്‍ വരാനിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യ ഡ്രോണ്‍ പാര്‍ക്ക്, സയന്‍സ് മ്യൂസിയം, പ്ലാനറ്റേറിയം, ആധുനിക സ്റ്റേഡിയം, കേരള യൂണിവേഴ്‌സിറ്റിയുടെ റീജ്യണല്‍ സെന്റര്‍ എന്നിവ നഗരത്തിന്റെ മുഖച്ഛായ മാറ്റും.
കൂടാതെ, നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായുള്ള ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
കിഫ്ബി വഴി 90,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തുടനീളം പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
അഹീെ ഞലമറ: ദീപക്കിനെ കൊലയ്ക്കു കൊടുത്തത് 'വൈറല്‍' ഭ്രാന്ത്..? സോഷ്യല്‍ മീഡിയയിലെ കണ്ടന്റുകള്‍ ഇരുതല മൂര്‍ച്ചയുള്ള വാള്‍
ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രൊഫഷണലുകളെ നാട്ടിലേക്ക് തിരികെ എത്തിക്കാനും കേരളത്തെ ആഗോള സ്‌കില്‍ ഹബ്ബാക്കി മാറ്റാനുമാണ് 'വര്‍ക്ക് നിയര്‍ ഹോം' ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ 150 സീറ്റുകളുള്ള കമ്മ്യൂണിലെ 80 സീറ്റുകള്‍ ഇതിനോടകം വിവിധ കമ്പനികള്‍ ഏറ്റെടുത്തു കഴിഞ്ഞു.
എഴുകോണ്‍ പോളിടെക്‌നിക്കില്‍ ഡ്രോണ്‍ റിസര്‍ച്ച് കോഴ്സുകള്‍ ആരംഭിക്കുന്നതിനൊപ്പം, 1500 പേര്‍ക്ക് ജോലി ചെയ്യാവുന്ന ഐ.ടി പാര്‍ക്കിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രമുഖ ഐ.ടി കമ്പനികളായ സോഹോ, നേത്രാസെമി, പ്രോംടെക് ഗ്ലോബല്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
അത്യാധുനിക ഇന്റര്‍നെറ്റ് സൗകര്യങ്ങളും ശീതീകരിച്ച തൊഴില്‍ അന്തരീക്ഷവും കമ്മ്യൂണില്‍ ഒരുക്കിയിട്ടുണ്ട്.
കൊട്ടാരക്കര നഗരസഭ അധ്യക്ഷ അനിത ഗോപകുമാര്‍, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, സോഹോ കോര്‍പ്പറേഷന്‍ കോ-ഫൗണ്ടര്‍ ടോണി തോമസ് എന്നിവരുള്‍പ്പെടെയുള്ള രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.