കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം

 
ARJUN AYANKI


കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 


ശക്തമായ ഉപാധികളോടെയും ബോണ്ട് തുകയോടുകൂടിയുമാണ് ജാമ്യം നല്‍കിയത്. സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്. 


എന്നാല്‍ ജാമ്യം ലഭിച്ചെങ്കിലും അര്‍ജുന്‍ ആയങ്കിക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല. കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരണം.


കഴിഞ്ഞ ജൂലൈ 3ന് എറണാകുളം റൂറലിലെ പുന്നേക്കാടുള്ള ഒരു റിസോര്‍ട്ടില്‍ വെച്ചാണ് സുഹൃത്തിന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. 

തുടര്‍ന്ന്, ഈ അറസ്റ്റിന് നേതൃത്വം നല്‍കിയ കോതമംഗലം എസ്എച്ച്ഒയെയും അന്വേഷണ ചുമതലയുണ്ടായിരുന്ന മൂവാറ്റുപുഴ പൊലീസിനെയും സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയത്.

അതേസമയം, രമേശ് ചെന്നിത്തലയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കണ്ണൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം അനുവദിച്ചത്. 

ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ ശിപാര്‍ശ കലക്ടര്‍ അംഗീകരിക്കുകയായിരുന്നു. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ് അര്‍ജുനെന്നും വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. 

കാപ്പ ചുമത്തി കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനാണ് ഉത്തരവിട്ടിരുന്നത്.

Tags

Share this story

From Around the Web