മതബോധന കൺവൻഷൻ: മതാധ്യാപകരെ ആദരിച്ചു; വിശ്വജ്യോതി കോളജിൽ ഒത്തുചേർന്നത് 1800 ഓളം അധ്യാപകർ
വാഴക്കുളം: കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ സംഘടിപ്പിച്ച മതബോധന കൺവൻഷൻ ശ്രദ്ധേയമായി. ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. വിശ്വാസ പരിശീലന രംഗത്ത് നിസ്തുലമായ സേവനം കാഴ്ചവെക്കുന്ന മതാധ്യാപകരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
പ്രമുഖ ദൈവശാസ്ത്ര പണ്ഡിതൻ ഫാ. ഡോ. അരുൺ കലമറ്റത്തിൽ കൺവൻഷന് നേതൃത്വം നൽകി. ചടങ്ങിൽ, കെസിബിസിയുടെ സംസ്ഥാനതല മതാധ്യാപക അവാർഡ് കരസ്ഥമാക്കിയ വാഴക്കുളം ഇടവകാംഗം രാജീവ് ജോസഫിനെ ബിഷപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു.
രൂപതയിലെ മതബോധന പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിവിധ ഇടവകകളെയും അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു. എ-ഗ്രേഡ് കരസ്ഥമാക്കിയ 42 സൺഡേ സ്കൂളുകൾക്കും, 20 ഇടവകകളിലെ മികച്ച പിടിഎകൾക്കും അവാർഡുകൾ കൈമാറി. രൂപതയിലെ 14 ഫൊറോനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച മതാധ്യാപകർക്കും പുരസ്കാരങ്ങൾ നൽകി. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള സമ്മാനവിതരണവും കൺവൻഷന്റെ ഭാഗമായി നടന്നു.
വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത ഡയറക്ടർ ഫാ. ജോസഫ് കല്ലയ്ക്കൽ പ്രസംഗിച്ചു. കോതമംഗലം രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 1800-ഓളം മതാധ്യാപകർ കൺവൻഷനിൽ പങ്കെടുത്തു.