കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ സി.പി.എം വിട്ടു.
കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും തലശ്ശേരി മുൻ എം.എൽ.എ എം.വി. രാജഗോപാലന്റെ മകനുമായ എസ്.ആർ. വിനയകുമാർ സി.പി.എം വിട്ടു.
തിരുവനന്തപുരം കേശവദാസപുരം ബ്രാഞ്ച് അംഗമായിരുന്ന വിനയകുമാർ ഇത്തവണ പാർട്ടി അംഗത്വം പുതുക്കാതെയാണ് പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്.
പാർട്ടിയിൽ 'പിണറായിസം' മാത്രമാണ് നിലനിൽക്കുന്നതെന്നും, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടപ്പെടുത്തി മുന്നോട്ടുപോകുന്ന പാർട്ടിയിൽ അടിമയായി തുടരുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
കോടിയേരി ബാലകൃഷ്ണനോട് പാർട്ടി നീതി കാണിച്ചില്ലെന്നും, നേതൃത്വത്തിന് സ്തുതി പാടുന്നവർക്ക് മാത്രമാണ് നിലവിൽ പരിഗണന ലഭിക്കുന്നതെന്നും വിനയകുമാർ ആരോപിച്ചു.
പിണറായി വിജയന് ചുറ്റും കറങ്ങുന്ന ഉപഗ്രഹമായി പാർട്ടി നേതൃത്വം മാറിയിരിക്കുകയാണെന്ന് വിനയകുമാർ വിമർശിച്ചു. കോടിയേരി അന്തരിച്ച 2022 ഒക്ടോബർ ഒന്ന് മുതൽ പാർട്ടിയിൽ നിന്ന് മാറിനിൽക്കാൻ ആലോചിച്ചതാണ്. കോടിയേരിക്ക് അർഹിക്കുന്ന പ്രാതിനിധ്യം കിട്ടിയില്ലെന്ന് മാത്രമല്ല, മറ്റ് ചിലർക്ക് അനർഹമായ പരിഗണന നൽകുകയും ചെയ്യുന്നു.
പിണറായിയെയും എം.വി. ഗോവിന്ദനെയും നേതാക്കന്മാരായി അംഗീകരിച്ചതാണ് അണികൾക്ക് പറ്റിയ തെറ്റെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ എന്നാൽ സി.പി.എം എന്നും, സി.പി.എം എന്നാൽ പിണറായി വിജയൻ എന്നുമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത്.
പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് യാതൊരു സ്ഥാനവുമില്ലെന്നും, പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട കേസുകളും അതിന് പ്രതിരോധം തീർക്കലും മാത്രമാണ് കുറേക്കാലമായി നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചരിത്രത്തിലില്ലാത്ത തോൽവി ഏറ്റുവാങ്ങിയിട്ടും നേതൃത്വം സ്വയം തിരുത്താൻ തയ്യാറാകുന്നില്ലെന്നും, വീഴ്ചകൾ അണികളുടെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും വിനയകുമാർ പറഞ്ഞു. തിരുത്തൽ നടപടികൾക്കായി ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ താനോ പിണറായി വിജയനോ മാറുന്നില്ലെന്നാണ് എം.വി. ഗോവിന്ദൻ പ്രസംഗിക്കുന്നത്.
കോടിയേരിയോട് ഇപ്പോഴത്തെ നേതൃത്വം കാണിച്ചത് കടുത്ത നന്ദികേടാണ്. പിണറായിയുടെ മകൾക്ക് സമാനമായ അനുഭവം കോടിയേരിക്ക് ഉണ്ടായപ്പോൾ അദ്ദേഹം എടുത്ത നിലപാട് എന്തായിരുന്നുവെന്നും, ഇതാണോ അവർ തമ്മിലുള്ള ഊഷ്മളമായ ബന്ധമെന്നും വിനയകുമാർ ചോദിച്ചു.
വാർത്ത കണ്ട് സഹോദരി വിനോദിനി വിളിച്ചിരുന്നുവെന്നും, അവരുമായി ആലോചിച്ചെടുത്ത തീരുമാനമല്ല ഇതെന്നും വിനയകുമാർ വ്യക്തമാക്കി. വ്യക്തിപരമായി ഈ നേതൃത്വം തന്നെ വല്ലാതെ ദ്രോഹിച്ചിട്ടുണ്ടെന്നും, അത് ഇപ്പോൾ പറയുന്നില്ലെന്നും പിന്നീട് പറയേണ്ടി വന്നാൽ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.