കൊച്ചി സിനഗോഗിന് മുന്നിലെ തീവെപ്പ്: പ്രതി എബിന്‍ പോളിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ എസ്ഐടി

 
synagog


 
കൊച്ചി: എറണാകുളം സിനഗോഗ് പരിസരത്തെ തീവെപ്പില്‍ പ്രതി എബിന്‍ പോളിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ എസ്‌ഐടി. കൊച്ചി ഡിസിപി അരുണ്‍ പവിത്രന്റെ കീഴിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.
എറണാകുളം മാര്‍ക്കറ്റ് റോഡില്‍ കടവുംഭാഗത്തുള്ള സിനഗോഗിന് മുമ്പില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്. ഒരാള്‍ പെട്രോളുമായി വന്ന് സിനഗോഗിന് മുന്നിലുള്ള ബ്ലോസം നഴ്‌സറിക്ക് തീയിടുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകളിലൊന്നും പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നീല നിറത്തിലുള്ള കാറില്‍ വന്നയാളാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി. ശേഷം കാറ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പുത്തന്‍കുരിശില്‍ താമസിക്കുന്ന എബിന്‍ പോള്‍ എന്നയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.


ജൂതപ്പള്ളികള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്ന സംഘത്തിലെ അംഗമാണ് എബിന്‍ പോളെന്നാണ് വിവരം. അടുത്തിടെ മൂവാറ്റുപുഴയില്‍ ജൂതപ്പള്ളിക്ക് നേരെ നടന്ന ആക്രമണത്തിലും തനിക്ക് പങ്കുണ്ടെന്ന് എബിന്‍ സമ്മതിച്ചിട്ടുണ്ട്.
പുറത്തുനിന്നുള്ള ആരുടെയൊക്കെയോ നിര്‍ദേശം ഇയാള്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കൃത്യം നടത്തിയശേഷം ഇയാള്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ശേഷം ബോസ് എന്ന സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് അയച്ചുകൊടുത്തതായും പൊലീസ് പറയുന്നു. 'ബോസ്' ആരാണെന്നും ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.


പ്രതിയുടെ സാമ്പത്തിക ഇടപാടുകളും മറ്റും പരിശോധിച്ചതില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ആക്രമണം നടത്തുന്നതിന് ഇയാള്‍ക്ക് പണം ലഭിച്ചിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കുകയാണ്. തീവ്രവാദ ബന്ധം സംശയിക്കുന്നതിനാല്‍ വളരെ ഗൗരവത്തോടെയാണ് പൊലീസും ഇന്റലിജന്‍സ് വിഭാഗവും കേസിനെ സമീപിക്കുന്നത്.

Tags

Share this story

From Around the Web