പുതുവര്‍ഷത്തില്‍ പ്രതിദിന കളക്ഷനില്‍ റെക്കോര്‍ഡിട്ട് കൊച്ചി മെട്രോ. ഒരുദിവസം 1.61 ലക്ഷം യാത്രക്കാര്‍, വരുമാനം 44.67 ലക്ഷം രൂപ. നിര്‍ണായകമായത് സര്‍വീസ് നീട്ടലും ഫീഡര്‍–വാട്ടര്‍ മെട്രോ ഏകോപനവും

 
metro

കൊച്ചി: പുതുവര്‍ഷത്തില്‍ പ്രതിദിന കളക്ഷനില്‍ റെക്കോര്‍ഡിട്ട് കൊച്ചി മെട്രോ. നഗരത്തിലെ ന്യൂഇയര്‍ ആഘോഷങ്ങളില്‍ മെട്രോയും ഭാഗമായതോടെയാണ് യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് വലിയ മുന്നേറ്റം കാഴ്ചവച്ചത്.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ഇന്നലെ പുലര്‍ച്ചെ രണ്ട് വരെ നീട്ടിയിരുന്നു.

ഇന്നലെ മാത്രം 1,61,683 പേരാണ് ബുധനാഴ്ച കൊച്ചി മെട്രോ റെയില്‍, ഇലക്ട്രിക് ഫീഡര്‍ ബസ്, കൊച്ചി വാട്ടര്‍മെട്രോ തുടങ്ങി മെട്രോയുടെ വിവിധ സേവനങ്ങള്‍ ഉപയോഗിച്ചത്. ഇതില്‍ 1,39,766 പേരും മെട്രോ ട്രെയിനുകളില്‍ ആണ് യാത്ര ചെയ്തത്.

പുലര്‍ച്ചെ 4 മണി വരെ സര്‍വീസ് നടത്തിയ ഇലക്ട്രിക് ഫീഡര്‍ ബസ് സര്‍വീസില്‍ 6,817 പേരാണ് ഇന്നലെ യാത്ര ചെയ്തത്. വാട്ടര്‍ മെട്രോയില്‍ 15,000 പേരും യാത്ര ചെയ്തു. ഇതോടെ 44,67,688 രൂപ എന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വരുമാനമാനമാണ് മെട്രോ സ്വന്തമാക്കിയത്.

കൊച്ചി മെട്രോ റെയില്‍, ഇലക്ട്രിക് ഫീഡര്‍ ബസ്, കൊച്ചി വാട്ടര്‍മെട്രോ എന്നിവ പ്രവര്‍ത്തനം തുടങ്ങിയ ശേഷം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ഡിസംബര്‍ 31 ന് രേഖപ്പെടുത്തിയത്.

കൊച്ചി മെട്രോ റെയില്‍, ഇലക്ട്രിക് ഫീഡര്‍ ബസ്, കൊച്ചി വാട്ടര്‍മെട്രോ എന്നിവയുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് കണക്കുകളിലെ ഉയര്‍ച്ചയെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ഒന്നിലധികം റൂട്ടുകളിലായി മെട്രോ സ്റ്റേഷനുകളെയും വാട്ടര്‍ മെട്രോ ടെര്‍മിനലുകളെയും ബന്ധിപ്പിക്കുന്ന 15 ഇലക്ട്രിക് ഫീഡര്‍ ബസുകള്‍ ആണ് വിന്യസിച്ചിരുന്നത്.

ഫസ്റ്റ്-മൈല്‍, ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി ശക്തിപ്പെടുത്തിയെന്നും ഇത് കൂടുതല്‍ ദൈനംദിന യാത്രക്കാരെ ആകര്‍ഷിക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവര്‍ത്തനം തുടങ്ങിയ 2017 മുതല്‍ ഇതുവരെ 17.52 കോടിയിലധികം യാത്രക്കാര്‍ കൊച്ചി മെട്രോയെ ആശ്രയിച്ച് യാത്ര ചെയ്തിട്ടുണ്ട്. 2025 ല്‍ യാത്രക്കാരുടെ എണ്ണം 3,65,86,194 ആയി ഉയര്‍ന്നു, ഡിസംബറില്‍ മാത്രം 32,68,063 പേര്‍ മെട്രോയില്‍ യാത്ര ചെയ്തിട്ടുണ്ട്.

Tags

Share this story

From Around the Web