കൊച്ചി: കളമശേരി മാര്‍ത്തോമ ഭവനത്തിന്റെ ഭൂമി കൈയേറിയ സംഭവത്തില്‍ നീതി ഉറപ്പാക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍

കൊച്ചി: കളമശേരി മാര്‍ത്തോമ ഭവനത്തിന്റെ ഭൂമി കൈയേറിയ സംഭവത്തില്‍ നീതി ഉറപ്പാക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്).
കളമശേരി മാര്‍ത്തോമ ഭവനത്തിന്റെ കൈവശമുള്ള ഭൂമിയില്‍, കോടതി വിധിയെ മറികടന്ന് ചില സാമൂഹ്യവിരുദ്ധര്‍ ആസൂത്രിതമായി ചുറ്റുമതില്‍ തകര്‍ത്ത് അതിക്രമിച്ചു കയറുകയും അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തുകയും വൈദികരെയും സന്യാസിനികളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം അപലപനീയവും രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് കളങ്കവുമാണെന്ന് കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന സമിതി കുറ്റപ്പെടുത്തി.
മൂന്നാഴ്ചകള്‍ക്ക് ശേഷവും അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുകയോ, കൈയ്യേറ്റത്തിന് പിന്നിലുള്ള 70 പേരോളം വരുന്ന സംഘത്തെകുറിച്ച് കൃത്യമായ അന്വേഷണം നടത്തുകയോ, കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്ത പോലീസ്, വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ മുഖം രക്ഷിക്കാനായി 4 പേരെ അറസ്റ്റ് ചെയ്ത് ഉടനെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
സാമൂഹിക ഐക്യം ലക്ഷ്യമാക്കി സഭ പുലര്‍ത്തുന്ന സഹിഷ്ണുതയെ മുതലെടുക്കുന്ന നിലപാടുകള്‍ക്ക് അധികാ രികള്‍ കൂട്ടുനില്‍ക്കരുത്.
മാര്‍ത്തോമ ഭവനത്തിന്റെമേല്‍ നടന്ന ഈ അതിക്രമത്തിന് കാരണക്കാരായവരെയെല്ലാം നിയമത്തിന് മുമ്പില്‍ കൊണ്ടുവരികയും എല്ലാ കയ്യേറ്റങ്ങളും പൂര്‍ണമായി ഒഴിപ്പിക്കുകയും വേണം.
അതോടൊപ്പം, മാര്‍ത്തോമ ഭവനത്തിലെ അന്തേവാസികള്‍ക്ക് സുരക്ഷയും നീതിയും സര്‍ക്കാര്‍ ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് കെ.സി എഫ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.