കൊച്ചി ജൂതപ്പള്ളി തീവെപ്പ്; എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തുന്നത് പരിഗണനയില്‍, എസ്‌ഐടിക്ക് പുറമെ, എന്‍ഐഎയും ഇന്റലിജന്‍സ് ബ്യൂറോയും എബിനെ ചോദ്യം ചെയ്യുന്നുണ്ട്
 

 
EBIN PAUL

കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ ജൂതപ്പള്ളി തീവെപ്പില്‍ പിടിയിലായ എബിന്‍ പോളിനെ വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുപ്പും വിശദമായ ചോദ്യംചെയ്യലുമായി പ്രത്യേക അന്വേഷണസംഘം. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളുടെ പരിശോധനകളും സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിവരികയാണ് അന്വേഷണസംഘം.

എസ്‌ഐടിക്ക് പുറമെ , എന്‍ഐഎയും ഇന്റലിജന്‍സ് ബ്യൂറോയും എബിനെ ചോദ്യം ചെയ്യുന്നുണ്ട്. സിനഗോഗ് ആക്രമണവും പ്രതി മുന്‍പ് നടത്തിയ ആക്രമണങ്ങളുമെല്ലാം നിയന്ത്രിച്ചിരുന്ന എബിന്റെ ബോസിനെ ചുറ്റിപ്പറ്റി തന്നെയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അതേസമയം, കേസില്‍ യുഎപിഎ ഉള്‍പ്പെടെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതിനെ കുറിച്ചും എസ്‌ഐടി പരിശോധിച്ച് വരികയാണ്.


മൊബൈലില്‍ സേവ് ചെയ്ത ബോസ് എന്ന വ്യക്തിയെ ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്നായിരുന്നു എബിന്‍ മൊഴി നല്‍കിയിരുന്നത്. ഇയാളുമായി ഇടപാടുകളത്രയും സമൂഹമാധ്യമങ്ങളിലൂടെ മാത്രമാണെന്നുമാണ് പ്രതി അന്വേഷണസംഘത്തോട് പറഞ്ഞിട്ടുള്ളത്.


മൂവാറ്റുപുഴയിലെ ആക്രമണവുമായി ബന്ധപ്പെട്ട് എബിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നേക്കാം. എബിന്റെ ക്രിമിനല്‍ പശ്ചാത്തലം നേരത്തെ തന്നെ പുറത്തുവന്നിരുന്നുവെങ്കിലും ബോസിനെ സംബന്ധിച്ച് പൊലീസിന് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.

മുമ്പ് മൂവാറ്റുപുഴയില്‍ സമാനമായ രീതിയില്‍ ഒരു വീടിന് പുറത്ത് തീവെച്ച ആക്രമണം നടത്തിയിരുന്നു.ജൂതപ്പള്ളി ആക്രമണത്തിന് മുന്നോടിയായുള്ള ഒരു ട്രയല്‍ ആയിരുന്നോ അതെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്.കൊച്ചിയില്‍ സമാനമായ രീതിയിലുണ്ടായ മറ്റൊരു പള്ളിയിലെ തീപിടിത്തവുമായി ഇതിന് ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

നിര്‍ദേശം നല്‍കുന്ന 'ബോസ്' ആരാണെന്നും അയാള്‍ക്ക് ഇയാളുമായി എന്താണ് ബന്ധമെന്നും വ്യക്തമല്ല.അയാളുടെ ഒരു ടെലഗ്രാം ലിങ്ക് ആണ് യഥാര്‍ഥത്തില്‍ 'ബോസ്' എന്ന് അന്വേഷണ സംഘം പറയുന്നു.എബിന്റെ മൊഴി പൊലീസ് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല.

ഇത്തരം പ്രവര്‍ത്തികള്‍ക്ക് പത്തുലക്ഷം രൂപയുടെ വിലവരുന്ന ക്രിപ്റ്റോകറന്‍സി വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും, ഇതില്‍ രണ്ടു ലക്ഷം രൂപയുടെ ക്രിപ്റ്റോകറന്‍സി പ്രതി നേരത്തെ കൈപ്പറ്റിയിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന മുഴുവന്‍ കണ്ണികളും അന്വേഷണ സംഘത്തിന്റെ കയ്യില്‍ എത്തിയിട്ടില്ല.അതിനാല്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്.


 

Tags

Share this story

From Around the Web