കൊച്ചിയിൽ അയൽവാസി ദമ്പതികളെ തീ കൊളുത്തിയ സംഭവം: പൊള്ളലേറ്റ ഭർത്താവ് മരിച്ചു
Jul 20, 2025, 21:03 IST

കൊച്ചിയിൽ അയൽവാസി തീ കൊളുത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു. കൊച്ചി വടുതല സ്വദേശി ക്രിസ്റ്റഫർ ആണ് മരിച്ചത്.
ഭാര്യ മേരി ചികിത്സയിൽ തുടരുന്നു. ക്രിസ്റ്റഫറിന് അൻപത് ശതമാനത്തിൽ അധികം പൊള്ളൽ ഏറ്റിരുന്നു. ഇരുവരെയും തീ കൊളുത്തിയ വില്യംസ് കൃത്യം നടത്തിയ ശേഷം ആത്മഹത്യ ചെയ്തിരുന്നു.
രണ്ട് ദിവസം മുൻപാണ് കൊച്ചി വടുതലയിൽ ദമ്പതികളെ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.
ക്രിസ്റ്റഫർ, മേരി എന്നീ ദമ്പതികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
അയൽവാസികളായ ഇവർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് യുവാവ് ക്രൂരകൃത്യം ചെയ്തതെന്നാണ് സൂചന. ദമ്പതികൾ പുറത്തുപോയി തിരിച്ചുവരുന്ന വഴി പെട്രോളുമായി കാത്തുനിന്ന വില്യംസ് ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് ഇവിടുന്ന് രക്ഷപ്പെട്ട ഇയാൾ ജീവനൊടുക്കി