ചരിത്രപരമായ ചുവടുവെപ്പുമായി കൊച്ചി കോർപ്പറേഷൻ. റോ-റോ സർവീസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യയാത്ര

 
COCHIN CORPORATION

കൊച്ചി: കൊച്ചി കോർപ്പറേഷന്റെ റോ-റോ സർവീസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യയാത്ര. കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച ചരിത്രപരമായ പ്രമേയം പാസാക്കിയത്.

ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ എത്തുന്നവർക്ക് ഈ ഇളവ് ലഭിക്കില്ലെങ്കിലും, കാൽനടയായി യാത്ര ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും ഇനി മുതൽ സൗജന്യമായി ബോട്ട് യാത്ര നടത്താം.

സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച യു.ഡി.എഫ് സർക്കാരിന്റെ മാതൃകാപരമായ സമീപകാല തീരുമാനത്തെ പിന്തുടർന്നാണ് കൊച്ചി കോർപ്പറേഷനും ഈ ജനപ്രിയ പദ്ധതി നടപ്പിലാക്കുന്നത്.

ടാക്സ് അപ്പീൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എ. മനാഫ് കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തിന് ഭരണപക്ഷമായ യു.ഡി.എഫ് അംഗങ്ങളുടെ പൂർണ്ണ പിന്തുണ ലഭിച്ചു.

പ്രതിപക്ഷ പാർട്ടികളായ എൽ.ഡി.എഫും ബി.ജെ.പിയും പ്രമേയത്തെ പരസ്യമായി എതിർക്കാൻ മുതിർന്നില്ലെങ്കിലും, ഇതിന് പൂർണ്ണ പിന്തുണ നൽകാനും തയ്യാറായില്ല.

വൈപ്പിൻ റൂട്ടിൽ നിലവിൽ റോ-റോ ഫെറികൾ മികച്ച രീതിയിലാണ് സർവീസ് നടത്തുന്നത്. നിലവിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സി.എസ്.എൽ) നിർമ്മാണം പൂർത്തിയാക്കുന്ന മൂന്നാമത്തെ റോ-റോ വെസൽ ഈ വർഷം ഡിസംബറോടെ നീറ്റിലിറക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.

പുതിയ വെസൽ കൂടി എത്തുന്നതോടെ കൊച്ചിയിലെ കായൽയാത്ര കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Tags

Share this story

From Around the Web