കൊച്ചി തീരത്തെ കപ്പലപകടം: സർക്കാർ ആവശ്യപ്പെട്ട തുക കെട്ടിവെയ്ക്കാനാകില്ലെന്ന് എം.എസ്.സി കമ്പനി

കൊച്ചി: കൊച്ചി തീരത്തുണ്ടായ കപ്പലപകടത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട അത്രയും തുക കെട്ടിവെയ്ക്കാനാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് എം.എസ്.സി എല്‍സ കമ്പനി. നഷ്ടപരിഹാരമായി 9531 കോടി രൂപ കപ്പല്‍ കമ്പനി നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇത്രയും തുക നല്‍കാനാകില്ലെന്നാണ് കപ്പല്‍ കമ്പനിയായ എം.എസ്.സി അറിയിച്ചിരിക്കുന്നത്.
കപ്പലപകടത്തെ തുടർന്ന് പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികള്‍ക്കും ഉണ്ടായ നാശനഷ്ടം കണക്കിലെടുത്താണ് സര്‍ക്കാര്‍ 9531 കോടി രൂപ നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമാകുന്നത് വരെ എം.എസ്.സി കമ്പനിയുടെ മറ്റൊരു കപ്പലായ അക്വിറ്റേറ്റ 2 അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക നല്‍കാനാകില്ലെന്ന് എം.എസ്.സി കമ്പനി ഹൈക്കോടതിയെ അറിയിച്ചതോടെ, ഇവരുടെ മറ്റൊരു കപ്പലായ അക്വിറ്റേറ്റ 2-വിന്റെ അറസ്റ്റ് കാലാവധിയും കോടതി നീട്ടി.
നിലവില്‍ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പലിന് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തുറമുഖം വിടാനാകില്ല. മേയ് 24-നാണ് കൊച്ചി തീരത്ത് എം.എസ്.സി എല്‍സ 3 എന്ന കപ്പൽ അപകടത്തില്‍പ്പെട്ടത്. അറുന്നൂറിലേറെ കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നത്. രാസവസ്തുക്കളടക്കം സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകളില്‍ മിക്കതും കടലില്‍ വീണിരുന്നു. പല കണ്ടെയ്‌നറുകളും പിന്നീട് തെക്കന്‍ കേരളത്തിലെ വിവിധ തീരങ്ങളില്‍ കരയ്ക്കടിയുകയും ചെയ്തിരുന്നു.