ക്നാനായ കത്തോലിക്ക മിഷന്‍ കുടുംബ സംഗമം വാഴ്വ് ഒക്ടോബര്‍ നാലിന്; ദീപ ശിഖ പ്രയാണത്തിന് ഉജ്ജ്വല സ്വീകരണം

 
VAZHAVU


ബര്‍മിംഗ്ഹാം: യുകെയിലെ ക്നാനായ കത്തോലിക്ക മിഷനുകളിലെ ഇടവകാംഗങ്ങളുടെ കുടുംബസംഗമമായ മൂന്നാമത് വാഴ്വ് ഒക്ടോബര്‍ നാലിന് ബര്‍മിംഗ്ഹാം ബഥേല്‍ സെന്ററില്‍ നടത്തപ്പെടുന്നു.

 ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാനയും, പ്രൗഢഗംഭീരമായ പൊതുസമ്മേളനവും നയന മനോഹരമായ കലാപരിപാടികളും കൂടാതെ വിവിധ മേഖലയിലുള്ളവരെ ആദരിക്കലും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വിനോദ പരിപാടികളുമായി  കുടുംബ സംഗമം ഏറ്റവും ഹൃദ്യമാക്കുവാന്‍ ആണ് സംഘാടകര്‍ ശ്രമിക്കുന്നത്.

വാഴ്വ് 2025ന് മുന്നോടിയായി കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് തെളിയിച്ചു നല്‍കിയ ദീപശിഖ പ്രയാണം യുകെയിലെ വിവിധ ക്നാനായ മിഷനുകളില്‍ ഉജ്ജ്വല സ്വീകരണമാണ് നല്‍കുന്നത്. 

മിഷനുകളിലും മിഷന്‍ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലും ദീപശിഖാ പ്രയാണത്തിന് ഇടവകയിലെ കൈക്കാരന്മാരും പാരീഷ് കൗണ്‍സില്‍ അംഗങ്ങളും നേതൃത്വം നല്‍കുന്നു. 

ഓരോ മിഷനിലും ദീപശിഖ ഇടവക വികാരിക്ക് കൈമാറുകയും അള്‍ത്താരയുടെ സമീപത്തായി പ്രതിഷ്ഠിക്കുകയും തുടര്‍ന്ന് വാഴ്വിന്റെ വിജയത്തിനായി പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും ചെയ്യുന്നു.

ഈ വര്‍ഷത്തെ വാഴ്വിന്റെ ഏറ്റവും പരമപ്രധാനമായ പ്രത്യേകത കേരളത്തില്‍ ഒരു കുടുംബത്തിന് ഭവനം നിര്‍മ്മിച്ചു നല്‍കുന്നു എന്നതാണ്. ക്നാനായ കാത്തലിക് മിഷന്‍സ് കോഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കര ചെയര്‍മാന്‍ ആയിട്ടുള്ള കോര്‍ കമ്മിറ്റിയില്‍ അഭിലാഷ് മൈലപ്പറമ്പില്‍ ജനറല്‍ കണ്‍വീനറായും ഫാ. സജി തോട്ടത്തില്‍, ഫാ. ജോഷി കൂട്ടുങ്കല്‍ കണ്‍വീനറായും സജി രാമചനാട് ജോയിന്റ് കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു. കൂടാതെ വിവിധ കമ്മറ്റികള്‍ വാഴ്വിന്റെ വിജയത്തിനായി അക്ഷീണം പ്രയത്നിക്കുന്നു.

വിശ്വാസവും പാരമ്പര്യവും തനിമതന്‍ ആചാരങ്ങളും പരിപാലിക്കുവാനും പരിപോഷിപ്പിക്കുവാനുമായി ക്നാനായ കാത്തലിക് മിഷന്‍സ് യുകെ സംഘടിപ്പിക്കുന്ന വാഴ് വില്‍ വിവിധ മിഷനുകളില്‍ നിന്നും ബസിലും കാറിലും ആയി വിശ്വാസികള്‍ ഒന്ന് ചേരുമ്പോള്‍ ബഥേല്‍ സെന്റര്‍ നട വിളികളാല്‍ മുഖരിതമാകും.


 

Tags

Share this story

From Around the Web