കെഎം ഷാജി വിദ്യാഭ്യാസ മന്ത്രിയാകുമെന്ന് അഭ്യൂഹം. വിദ്യാഭ്യാസം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ക്രൈസ്തവ സഭകള്‍. 'മതമാണ് മുഖ്യം' എന്ന് പ്രസംഗിച്ചയാളെ സുപ്രധാന വകുപ്പ് ഏല്‍പിക്കരുതെന്നും ആവശ്യം !
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി.
ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ വകുപ്പ് ഏല്‍പിക്കണമെന്ന ആവശ്യം ക്രൈസ്തവ സഭാ നേതൃത്വമാണ് കോണ്‍ഗ്രസിനു മുന്നില്‍ വച്ചിരിക്കുന്നത്.
മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയെ വിദ്യാഭ്യാസ മന്ത്രിയാക്കാന്‍ നീക്കം നടക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് സഭാ നേതൃത്വം ഇതിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.
മതമാണ്.. മതമാണ്.. മതമാണ്.. മുഖ്യം.. എന്നും കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ഈ സമുദായത്തിന് ആവശ്യമായവ പിടിച്ചുവാങ്ങി സമുദായത്തിനു നല്‍കുകയും ചെയ്യുക എന്നതാണ് ലീഗിന് മുഖ്യം എന്ന് പ്രസംഗിച്ച നേതാവാണ് കെ.എം ഷാജി.
ഈ സാഹചര്യത്തില്‍ സഭയ്ക്ക് ഏറ്റവും അധികം താല്‍പര്യങ്ങളുള്ള വിദ്യാഭ്യാസ വകുപ്പ് തീവ്ര നിലപാടുകളുള്ള നേതാവിനെ ഏല്‍പിക്കുന്നത് ശരിയല്ലെന്ന വികാരമാണ് ക്രൈസ്തവ നേതാക്കള്‍ കോണ്‍ഗ്രസിനെ അറിയിച്ചിരിക്കുന്നത്.
സാധ്യമെങ്കില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് തന്നെ വിദ്യാഭ്യാസം ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.