പൂച്ചക്കുഞ്ഞിനെക്കൊന്ന് കഞ്ഞിക്കലത്തില്‍ ഒളിച്ചു; മൂര്‍ഖന്‍ പാമ്പ് ഒടുവില്‍ പിടിയിലായി

 
cobra



ഇരിട്ടി: പൂച്ചക്കുഞ്ഞിനെക്കൊന്ന ശേഷം തള്ളപ്പൂച്ചയെ പേടിപ്പിച്ച് നിര്‍ത്തി വീട്ടുകാരെ കണ്ടപ്പോള്‍ അടുക്കളയിലെ കഞ്ഞിക്കലത്തില്‍ അഭയം തേടിയ മൂര്‍ഖന്‍ പാമ്പ് ഒടുവില്‍ പിടിയിലായി. തില്ലങ്കേരി ആലയാട്ടെ ഷമീല മന്‍സിലില്‍ മുനീര്‍ ഫൈസിയുടെ വീട്ടിലെ അടുക്കളയിലാണ് മൂര്‍ഖന്‍ എത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. 

അടുക്കളയിലെത്തിയപ്പോഴാണ് വീട്ടുകാരുടെ അരുമയായ പൂച്ചയും കുഞ്ഞും ഉഗ്രവിഷരൂപിയുടെ കണ്ണില്‍പ്പെട്ടത്. ഉടനെ കുഞ്ഞിനെ വകവരുത്തി. അടുത്ത ലക്ഷ്യം തള്ളപ്പൂച്ചയായിരുന്നു. പൂച്ച അലറിക്കരഞ്ഞപ്പോള്‍ വീട്ടുകാര്‍ ഉണര്‍ന്നു. അടുക്കളയുടെ വാതില്‍ തുറന്നു നോക്കിയപ്പോള്‍ മുഖാമുഖംനിന്ന് പോര്‍വിളി നടത്തുന്ന പൂച്ചയും മൂര്‍ഖനും.


പൂച്ച പ്രാണഭയത്താല്‍ പുറത്തേക്കോടിയപ്പോള്‍ മൂര്‍ഖന്‍ പാമ്പ് കണ്ണില്‍പ്പെട്ട കഞ്ഞിക്കലത്തില്‍ കയറിപ്പറ്റി. കഞ്ഞിക്കലത്തില്‍ വളഞ്ഞുപുളഞ്ഞുകൂടി പതുങ്ങി നിന്നത് അബദ്ധമായെന്ന് മൂര്‍ഖന് മനസ്സിലാകും മുന്‍പേ വീട്ടുകാര്‍ വലിയ മൂടിക്കൊണ്ട് കഞ്ഞിക്കലം മൂടി. 

അതിന് മുകളില്‍ ഭാരം കയറ്റിവെച്ചശേഷം വനംവകുപ്പിലെ താത്കാലിക ജീവനക്കാരനും മാര്‍ക്ക് പ്രവര്‍ത്തകനുമായ ഫൈസല്‍ വിളക്കോടിനെ വിവരമറിയിച്ചു. ഫൈസല്‍ മൂര്‍ഖനെ കഞ്ഞിക്കലത്തില്‍ നിന്ന് പിടികൂടി വനത്തിലേക്ക് വിട്ടു. ഏറെ പ്രായം തോന്നിക്കുന്ന വലിയ മൂര്‍ഖനായിരുന്നുവെന്ന് ഫൈസല്‍ വിളക്കോട് പറഞ്ഞു.

Tags

Share this story

From Around the Web