മേരി മേജര്‍ ബസലിക്കയുടെ പ്രോട്ടോ കാനന്‍ പദവി ഏറ്റെടുത്ത് സ്‌പെയിനിന്റെ രാജാവ്
നാല് മേജര്‍ ബസലിക്കളില്‍ ഒന്നും, പരിശുദ്ധ അമ്മയുടെ പേരിലുള്ള ഏറ്റവും വലിയ ദേവാലയങ്ങളില്‍ ഒന്നുമായ മേരി മേജര്‍ ബസലിക്കയുടെ പ്രോട്ടോ കാനന്‍ പദവി ഏറ്റെടുത്ത് സ്‌പെയിനിന്റെ രാജാവ്.
ബസലിക്കയുടെ ആര്‍ച്ച് പ്രീസ്‌റ് കര്‍ദ്ദിനാള്‍ മസ്‌ക്‌റിസ്‌കാസിന്റെ സാന്നിദ്ധ്യത്തില്‍ മാര്‍ച്ച് 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് നടന്ന ചടങ്ങുകളില്‍ റാണി ലെത്തീത്സ്യയും പങ്കെടുത്തു. ബസലിക്കയിലെത്തിയ രാജകുടുംബം ഫ്രാന്‍സിസ് പാപ്പായുടെ കല്ലറയിലെത്തി ആദരവ് പ്രകടിപ്പിച്ചിരുന്നു.
കത്തോലിക്കാ മതവിശ്വാസം പുലര്‍ത്തുന്ന സ്‌പെയിനിന്റെ രാജാവിന്, 1953 ഓഗസ്റ്റ് 5-ന് പന്ത്രണ്ടാം പിയൂസ് പാപ്പാ നല്‍കിയ ബൂള വഴി ലഭിച്ച പ്രത്യേക അധികാരമാണ്, മേരി മേജര്‍ ബസലിക്കയുടെ പ്രോട്ടോ കാനന്‍ പദവി.
രാജ്യത്ത് വിശ്വാസപ്രചാരണത്തിന് വേണ്ടിയും, സ്‌പെയിന്റെ തലവന്റെ നിയോഗമനുസരിച്ചും, അവിടുത്തെ ജനത്തിന്റെയും നേതൃത്വത്തിന്റെയും നന്മയ്ക്കുമായി വര്‍ഷം തോറും മൂന്ന് വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കുന്നതും ബൂള വ്യവസ്ഥ ചെയ്യുന്നുണ്ട്.
പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍, അമലോത്ഭവത്തിരുനാള്‍, സ്‌പെയിന്‍ രാജാവായിരുന്ന വിശുദ്ധ ഫെര്‍ഡിനാന്‍ഡിന്റെ തിരുനാള്‍ ദിനം എന്നീ ദിവസങ്ങളിലാണ് ഈ വിശുദ്ധ ബലികള്‍ അര്‍പ്പിക്കപ്പെടുന്നത്.
കര്‍ദ്ദിനാള്‍ ആര്‍ച്ച് പ്രീസ്റ്റിനൊപ്പം പന്ത്രണ്ട് കനാന്‍മാര്‍ കൂടുന്നതാണ് മേരി മേജര്‍ ബസലിക്കയുടെ ചാപ്റ്റര്‍. പുരാതന സവിശേഷാധികാരപ്രകാരം സ്‌പെയിനിന്റെ രാജാവായിരിക്കും ഇവരിലെ പ്രോട്ടോ കാനന്‍.
മേരി മേജര്‍ ബസലിക്കയും സ്‌പെയിന്‍ രാജകുടുംബവും തമ്മിലുള്ളത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശക്തമായ ബന്ധമാണ്. അലക്‌സാണ്ടര്‍ ആറാമന്‍ പാപ്പായുടെ ആഗ്രഹപ്രകാരം (14921503), ബസലിക്കയുടെ തടികൊണ്ടുള്ള മേല്‍ത്തട്ട് പൊതിയാനായി ഉപയോഗിക്കപ്പെട്ട സ്വര്‍ണ്ണം, അമേരിക്കന്‍ ഭൂഖണ്ഡത്തില്‍നിന്ന് സ്പാനിഷ് പരമാധികാരികള്‍ കൊണ്ടുവന്നതാണെന്ന് പറയപ്പെടുന്നു.