ദളിത് ക്രൈസ്തവ സംവരണം പുനഃപരിശോധിക്കണമെന്ന ആവശ്യമായി ദുഃഖവെള്ളിയില്‍ ഖമ്മം ബിഷപ്
ഹൈദരാബാദ് (തെലങ്കാന): രാജ്യത്തെ ദളിത് ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ ദുഃഖവെള്ളി ദിനത്തില്‍ രാജ്യ ശ്രദ്ധയിലേക്ക് ഉയര്‍ത്തി തെലങ്കാനയിലെ ഖമ്മം രൂപതാധ്യക്ഷന്‍ പ്രകാശ് സഗിലി.
ദളിത് ക്രൈസ്തവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയിലാണ് അവരെന്നും അദ്ദേഹം പറഞ്ഞു.
ഖമ്മത്ത് നടന്ന ദുഃഖവെള്ളി ശുശ്രൂഷകള്‍ക്കിടെ സംസാരിക്കുകയായിരുന്നു ബിഷപ് പ്രകാശ്. ദളിത് ക്രൈസ്തവര്‍ക്ക് സംവരണാനുകൂല്യം നിഷേധിച്ച സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടനയുടെ 13, 14, 25 അനുച്ഛേദങ്ങള്‍ മതസ്വാ തന്ത്ര്യവും നിയമത്തിന് മുന്നില്‍ തുല്യതയും ഉറപ്പുനല്‍കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത് വ്യക്തി പരമായ തീരുമാനമാണെന്നും, അതിന്റെ പേരില്‍ ചരിത്രപരമായ സാമൂഹിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങള്‍ നിഷേധി ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
1950-ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവിലെ വ്യവസ്ഥ കളെ ബിഷപ് വിമര്‍ശിച്ചു. നിലവില്‍ ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങളിലെ ദളിതര്‍ക്ക് മാത്രമാണ് പട്ടികജാതി പദവി ലഭിക്കുന്നത്.
ക്രൈസ്തവരെ ഇതില്‍നിന്ന് ഒഴിവാക്കിയത് വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ ദളിത് ക്രിസ്ത്യാനികള്‍ക്ക് വലിയ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു.
തലമുറകളായി ദളിതര്‍ വിവേചനം നേരിടുന്ന വരാണ്. സംവരണ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് അവരെ കൂടുതല്‍ പാര്‍ശ്വവല്ക്കരിക്കാന്‍ മാത്രമേ ഉപകരിക്കൂ; ബിഷപ് പ്രകാശ് സഗിലി ചൂണ്ടിക്കാട്ടി.