ലെയോ പാപ്പയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിലെ ആറാം ദിവസത്തെ പ്രധാനപ്പെട്ട പൊതുപരിപാടികള്‍
ഗ്രാന്‍ കാനറിയ ദ്വീപിലെത്തിയ പരിശുദ്ധ പിതാവ്, അഭയാര്‍ഥിത്വത്തിന്റെ വേദനകളെ ക്രിസ്തുവിന്റെ കുരിശിനോട് ഉപമിച്ചു; സ്വന്തം നാട്ടില്‍ സമാധാനത്തോടെ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തെക്കുറിച്ച് പാപ്പ സംസാരിച്ചു. ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്‌പെയിന്‍ അപ്പോസ്‌തോലിക യാത്രയുടെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടം ആഗോള കത്തോലിക്കാ സഭയ്ക്ക് വലിയൊരു ആത്മീയ സന്ദേശമാണ് നല്‍കുന്നത്.
''സ്വന്തം നാട്ടില്‍ ജീവിക്കാന്‍ മനുഷ്യന് അവകാശമുണ്ട്''
യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന അഭയാര്‍ഥി ബോട്ടുകളുടെ പ്രധാന താവളങ്ങളിലൊന്നായ 'അര്‍ഗ്വിനെഗ്വിന്‍' (അൃഴൗശിലഴൗയ്ക്കി) കടല്‍ത്തീരത്താണ് മാര്‍പാപ്പയുടെ ആദ്യ കൂടിക്കാഴ്ച നടന്നത്. കുടിയേറ്റക്കാരും ജീവകാരുണ്യ പ്രവര്‍ത്തകരും പൊതുപ്രതിനിധികളുമടങ്ങുന്ന രണ്ടായിരത്തോളം പേരെ പാപ്പ അഭിസംബോധന ചെയ്തു. മെച്ചപ്പെട്ടൊരു ജീവിതം തേടി ജന്മനാട് വിടേണ്ടി വരുന്നവരുടെ കഷ്ടപ്പാടുകളില്‍ പങ്കുചേര്‍ന്ന പാപ്പ, യുദ്ധവും പട്ടിണിയും പീഡനങ്ങളും ഇല്ലാത്ത, അഴിമതിയും ആയുധങ്ങളും കുഞ്ഞുങ്ങളുടെ ഭാവി തകര്‍ക്കാത്ത ഒരു ലോകത്തിനായി ആഹ്വാനം ചെയ്തു.
''ജീവന്‍ അപകടത്തിലാകുമ്പോള്‍ അഭയം തേടാനുള്ള അവകാശം മനുഷ്യനുള്ളതുപോലെ തന്നെ, ജന്മനാട് വിട്ട് മറ്റൊരു നാട്ടിലേക്ക് കുടിയേറേണ്ടി വരാത്ത സാഹചര്യം ഉണ്ടാകുക എന്നതും മനുഷ്യന്റെ അവകാശമാണ്,'' മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
സ്വര്‍ഗീയ നാട്ടിലേക്കുള്ള വഴി: ''ക്രിസ്തുവിന്റെ കുരിശിനെ നെഞ്ചേറ്റുക''
തുടര്‍ന്ന് ലാസ് പല്‍മാസിലെ സെന്റ് ആന്‍ കത്തീഡ്രലില്‍ വെച്ച് ബിഷപ്പുമാര്‍, വൈദികര്‍, സന്യാസികള്‍, സെമിനാരിസ്റ്റുകള്‍ എന്നിവരുമായി പരിശുദ്ധ പിതാവ് കൂടിക്കാഴ്ച നടത്തി. നമ്മുടെ യഥാര്‍ഥ ലക്ഷ്യമായ ''സ്വര്‍ഗീയ ഭവനത്തിലേക്ക്'' എത്തിച്ചേരാനുള്ള ആത്മീയ വഴികള്‍ അദ്ദേഹം പങ്കുവെച്ചു.
ജീവിത നാടകങ്ങളില്‍ തകര്‍ക്കപ്പെടുകയും കുരിശിലേറ്റപ്പെടുകയും ചെയ്യുന്ന അനേകം സഹോദരങ്ങളുടെ ഭാരങ്ങള്‍ പങ്കുവെച്ചുകൊണ്ട് അവരെ സേവിക്കുക എന്നതാണ് കത്തോലിക്കാ സഭയുടെ യഥാര്‍ഥ ദൗത്യമെന്ന് പാപ്പ പറഞ്ഞു. രണ്ടാമതായി, സ്വര്‍ഗത്തിലേക്കുള്ള പാത സുഗമമാക്കാന്‍ ഒരു ''വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമായ ആത്മീയത'' ജീവിതത്തില്‍ വളര്‍ത്തിയെടുക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
നാല്പതിനായിരംപേര്‍ ഒന്നുചേര്‍ന്ന ദിവ്യബലി
ഈശോയുടെ തിരുഹൃദയ തിരുനാളിന്റെ തലേന്ന് ഗ്രാന്‍ കാനറിയ സ്റ്റേഡിയത്തില്‍ നടന്ന ദിവ്യബലി ആത്മീയ ചൈതന്യത്തിന്റെ അത്യുന്നത മുഹൂര്‍ത്തമായി മാറി. സ്റ്റേഡിയത്തിനകത്തും പുറത്തുമായി നാല്പതിനായിരത്തോളം വിശ്വാസികളാണ് മാര്‍പാപ്പ നയിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നത്.
തന്റെ വചനസന്ദേശത്തിന്റെ തുടക്കത്തില്‍ തന്നെ, ''കടലില്‍ വെച്ച് ജീവന്‍ നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്കായി ഒന്നിച്ച് പ്രാര്‍ഥിക്കാം'' എന്ന് മാര്‍പാപ്പ വിശ്വാസിസമൂഹത്തെ ക്ഷണിച്ചു.
ഒരു കത്തോലിക്കനെ സംബന്ധിച്ച് ജീവകാരുണ്യം എന്നത് കേവലം ഒരു സാമ്പത്തിക സഹായം മാത്രമല്ലെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. മറിച്ച്, കഷ്ടപ്പെടുന്ന മനുഷ്യരുടെ ആത്മീയവും ബൗദ്ധികവും ശാരീരികവുമായ സമഗ്ര പുരോഗതി ഉറപ്പാക്കിക്കൊണ്ട് അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതായിരിക്കണം യഥാര്‍ഥ ക്രൈസ്തവ സ്‌നേഹം.