കേതന്‍ കൊലക്കേസ്:ആദ്യം പ്ലാന്‍ ചെയ്തത് കൈകാലുകള്‍ തല്ലിയൊടിക്കാന്‍; ഒടുവില്‍ കോട്ടയില്‍ നിന്ന് തള്ളിയിട്ടു
മുംബൈ: യുവവ്യവസായി കേതന്‍ അഗര്‍വാളിനെ പ്രതിശ്രുതവധു സിയയും ആണ്‍സുഹൃത്ത് ചേതനും ചേര്‍ന്ന് പുണെയിലെ ലൊഹാഗാഡ് കോട്ടയില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ക്രൂരമായ ആസൂത്രണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുണെ റൂറല്‍ പോലീസ് പുറത്തുവിട്ടു.
കോട്ടയില്‍ നിന്ന് തള്ളിയിടുന്നതിന് മുന്‍പ് കേതനെ അക്രമിക്കാനും വകവരുത്താനുമായി പ്രതികള്‍ പല ക്രൂരമായ വഴികളും തേടിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
കേതനെ ഇല്ലാതാക്കാന്‍ ഉറച്ച പ്രതികള്‍ ആദ്യം പദ്ധതിയിട്ടത് മൂന്നാമതൊരാളെ വാടകയ്ക്കെടുത്ത് കേതന്റെ കൈയും കാലും തല്ലിയൊടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കാനായിരുന്നു. എന്നാല്‍ ഈ നീക്കം വിജയിക്കില്ലെന്ന് കണ്ടതോടെ പ്രതികള്‍ വാടകക്കൊലയാളിയെ വെച്ച് കൊലപ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ച് അന്വേഷിച്ചതായി പുണെ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തുടര്‍ന്നാണ് ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ടൂറിസ്റ്റ് കേന്ദ്രമായ കോട്ടയില്‍ വെച്ച് അപകടമരണമെന്ന വ്യാജേന കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചത്.
ഒരാളെ എങ്ങനെ കൊലപ്പെടുത്താം എന്നതിനെക്കുറിച്ചും, കൊലപാതകത്തിന് ശേഷം പോലീസിന്റെ പിടിയിലാകാതിരിക്കാന്‍ എന്തൊക്കെ തന്ത്രങ്ങള്‍ പ്രയോഗിക്കണം എന്നതിനെക്കുറിച്ചും ഇരുവരും ഇന്റര്‍നെറ്റില്‍ നിരവധി ക്രൈം വീഡിയോകള്‍ കണ്ട് പഠിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ 18-നാണ് കേതന്‍ അഗര്‍വാള്‍ കോട്ടയില്‍ നിന്ന് വീണ് മരിക്കുന്നത്.
തുടക്കത്തില്‍ ഇതൊരു സാധാരണ അപകടമരണമാണെന്നാണ് കരുതിയിരുന്നതെങ്കിലും, കേതന്റെ മരണത്തിലെ അസ്വാഭാവികതയും സിയയുടെയും ചേതന്റെയും മൊഴികളിലെ വൈരുദ്ധ്യവും ശ്രദ്ധിച്ച പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
20 കാരിയായ സിയയും 22 കാരനായ ചേതനും നിലവില്‍ പുണെയിലെ യേര്‍വാദ സെന്‍ട്രല്‍ ജയിലിലാണ്.