ഗുജറാത്തി വ്യാപാരിയുടെ 2.25 കോടി തട്ടിയെടുത്ത് മലയാളികള്‍; വിമാനത്താവളത്തില്‍ നിന്ന് പണവുമായി മുങ്ങി
മുംബൈ: ഗുജറാത്ത് സ്വദേശിയായ വ്യാപാരിയെ (67) വഞ്ചിച്ച് 1.95 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും 30 ലക്ഷത്തിലേറെ രൂപയും തട്ടിയെടുത്തുമുങ്ങിയ രണ്ട് മലയാളികളുടെപേരില്‍ കേസെടുത്തു. മലപ്പുറം സ്വദേശി മുഹമ്മദ് ഹാരിസ് തുംബ്ലന്‍തൊടി, നിയാസ് മുഹമ്മദ് കാട്ടുമാടത്തില്‍ എന്നിവരുടെപേരിലാണ് വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്. മുംബൈ വിമാനത്താവളത്തില്‍വെച്ചായിരുന്നു സംഭവം.
ദുബായില്‍നിന്നു സ്വര്‍ണംവാങ്ങി നാട്ടില്‍ വില്‍ക്കാന്‍ പദ്ധതിയിട്ട വ്യാപാരി, ഇന്ത്യയിലെത്തുമ്പോള്‍ കസ്റ്റംസ് നികുതിയായി അടയ്ക്കാന്‍ 1.28 ലക്ഷം യു.എ.ഇ. ദിര്‍ഹം (ഏകദേശം 33.35 ലക്ഷം രൂപ) കൈയില്‍ കരുതിയിരുന്നു. ദുബായില്‍നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണു നിയാസ് മുഹമ്മദിനെ വ്യാപാരി പരിചയപ്പെട്ടത്.
മുംബൈയില്‍ വിമാനമിറങ്ങിയശേഷം, കസ്റ്റംസ് നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കാമെന്നു പറഞ്ഞ് നിയാസ് വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു. നികുതിയടയ്ക്കാന്‍ തയ്യാറെടുക്കുന്നതിനിടെ, സഹായിക്കാനെന്ന വ്യാജേന സ്വര്‍ണവും പണവും അടങ്ങിയ ബാഗ് കൈക്കലാക്കിയ ഇയാള്‍ ബെംഗളൂരുവിലേക്കുള്ള വിമാനത്തില്‍ കടന്നുകളഞ്ഞെന്ന് പോലീസ് പറഞ്ഞു.
വിമാനത്താവളത്തില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. നിയാസിനൊപ്പം പദ്ധതി ആസൂത്രണം ചെയ്യാനും കൃത്യം നടത്താനും ഹാരിസും സഹായിച്ചെന്നും വ്യാപാരിയുടെ പരാതിയിലുണ്ട്.