കേരളത്തിന്റെ സാമൂഹ്യ വികസന മാതൃക ക്രിസ്ത്യന്‍ മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍

കാക്കനാട്: കേരളത്തിന്റെ സാമൂഹ്യ വികസന മാതൃക ക്രിസ്ത്യന്‍ പാരമ്പര്യത്തിന്റെ ആത്മീയ മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ക്രൈസ്തവ സമൂഹത്തിന്റെ ആത്മസമര്‍പ്പണവും സേവന മനോഭാവവുമാണ് സാമൂഹ്യ പരിവര്‍ത്തനത്തിന്റെ അടിത്തറയായി നിലകൊണ്ടതെന്നും സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
സീറോമലബാര്‍ ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന 63-ാമത് സെമിനാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ മുഖ്യപ്രഭാഷണം നടത്തി. സീറോ മലബാര്‍ സഭാ ചാന്‍സിലര്‍ റവ. ഡോ. അബ്രഹാം കാവില്‍പുരയിടത്തില്‍, എല്‍ആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ജോബിന്‍ കാഞ്ഞി രത്തിങ്കല്‍, എല്‍ആര്‍സി ബോര്‍ഡ് മെമ്പര്‍ റവ. ഡോ. ജെയിംസ് പുലിയുറുമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന സെമിനാര്‍ കേരളത്തിലെ സാമൂഹ്യ ആത്മീയ വിദ്യാഭ്യാസ മേഖലകളില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ചരിത്രപരമായ പങ്കിനെയും സംഭാവനകളെയും ആഴത്തില്‍ അവലോകനം ചെയ്തു.
ഗവേഷകര്‍, പുരോഹിതര്‍, സന്യാസിനികള്‍ വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവരുടെ സാന്നിധ്യം സെമിനാറിനെ കൂടുതല്‍ സമഗ്രവും സജീവവുമാക്കി.