കേരള സർവകലാശാല മിനുട്സ് വിവാദം; വൈസ്ചാൻസലർക്കും മിനി കാപ്പനുമെതിരെ പൊലീസിൽ പരാതി നൽകി ഇടത് സിൻഡിക്കേറ്റ് അംഗം

സെപ്തംബർ 2 ന് ചേർന്ന കേരള സർവ്വകലാശാല സിൻഡിക്കേറ്റിൻ്റെ മിനിട്ട്സിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച് ഇടത് സിൻഡിക്കേറ്റ് അംഗം ഡോ ലെനിൻ ലാൽ വൈസ് ചാൻസിലർ ഡോ. മോഹൻകുന്നുമ്മലിനും, മിനി ഡിജോ കാപ്പനുമെതിരെ കൺൻ്റോമെൻ്റ് പോലീസിൽ പരാതി നൽകി.
നേരത്തെ വിസി നിയോഗിച്ച രജിസ്ട്രാർ ഇൻ ചാർജ് മിനി ഡിജോ കാപ്പൻ്റെ നിയമനം സിൻഡിക്കേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തപ്പോൾ, സർവകലാശാല ചട്ടങ്ങളുടെ ലംഘനമായതിനാൽ സിൻഡിക്കേറ്റ് അത് തള്ളിയിരുന്നു. നിലവിലെ രജിസ്ട്രാർ ഡോ. കെ. എസ്. അനിൽകുമാറിൻ്റെ ഓഫീസ് നിർവ്വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിൻഡിക്കേറ്റിൽ ചർച്ച ചെയ്യണ്ടായെന്നും, ആ വിഷയം കോടതിയുടെ പരിഗണനയിലാണെന്നുമാണ് സിൻഡിക്കേറ്റ് യോഗത്തിൽ തയ്യാറാക്കിയ മിനിട്ട്സ് പറയുന്നത്. ഈ മിനിട്ട്സ് തിരുത്തിയാണ് വൈസ് ചാൻസിലർ തനിക്ക് ഇഷ്ടമുള്ള ഒരു മിനിട്ട് സ് തയ്യാറാക്കിയത്.
സിൻഡിക്കേറ്റ് മിനിട്ട്സ് എന്ന അത്യന്തം ഗൗരവമുള്ള ഒരു രേഖ സ്വന്തം നിലയ്ക്ക് വ്യക്തിതാല്പര്യം മുൻനിർത്തി തിരുത്തിയത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. ഇത് സർവ്വകലാശാല അതോറിറ്റിയായ സിൻഡിക്കേറ്റിനോട് ചെയ്ത വഞ്ചനയാണ്.
ഡോ. കെ. എസ് അനിൽകുമാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിലെ പ്രധാന എതിർകക്ഷിയായ വൈസ് ചാൻസിലർ കോടതിയിൽ കേസ് നിലനിൽക്കുന്ന വിഷയത്തിൽ സിൻഡിക്കേറ്റ് മിനിട്ട്സ് തിരുത്തിയതിൽ ഗൂഡലോചനയും വഞ്ചനയുമുണ്ടെന്ന് ആക്ഷേപം ഉണ്ട്.
ഈ സാഹചര്യത്തിൽ വൈസ് ചാൻസിലർ ഡോ.മോഹൻകുന്നുമ്മലിനെതിരെ വഞ്ചന, ഔദ്യോഗിക രേഖകളിൽ കൃത്രിമം വരുത്തൽ, ഗൂഢാലോചന എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.