കേരള സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ യോഗം വി.സി. അവസാന നിമിഷം മാറ്റി. പ്രതിഷേധം ശക്തം

 
KERALA UNIVERSITY

തിരുവനന്തപുരം:കേരള സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ യോഗം അവസാന നിമിഷം മാറ്റിവെച്ച വൈസ് ചാന്‍സലര്‍ (വി.സി) ഡോ. മോഹനന്‍ കുന്നുമ്മലിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം. 

ഇന്ന് രാവിലെ പത്ത് മണിക്ക് ചേരാനിരുന്ന യോഗം, ഭൂരിഭാഗം അംഗങ്ങളും സര്‍വകലാശാല ആസ്ഥാനത്ത് എത്തിയ ശേഷമാണ് വി.സി മാറ്റിവെച്ചത്. ഇതിനെതിരെ ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി.


110 അംഗങ്ങളുള്ള അക്കാദമിക് കൗണ്‍സിലിന്റെ യോഗത്തില്‍ ദൂരസ്ഥലങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചേര്‍ന്നിരുന്നു. യോഗം ആരംഭിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ്, വി.സി മോഹനന്‍ കുന്നുമ്മല്‍ യോഗം മാറ്റിവെച്ചതായി അറിയിക്കുകയായിരുന്നു. 

വിദ്യാര്‍ത്ഥികളുടെ കോഴ്‌സുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് നിര്‍ണായക അക്കാദമിക് വിഷയങ്ങള്‍ എന്നിവയില്‍ തീരുമാനമെടുക്കേണ്ട യോഗമാണ് ഇതോടെ നടക്കാതെ പോയത്. വി.സിയുടെ ഈ തീരുമാനം ഏകപക്ഷീയമാണെന്ന് ആരോപിച്ച് അംഗങ്ങള്‍ സര്‍വകലാശാലയില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

സിന്‍ഡിക്കേറ്റ് അംഗം ജി. മുരളീധരന്‍ വി.സിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. യോഗം വിളിച്ചത് തന്നെ നിയമവിരുദ്ധമായാണെന്ന് അദ്ദേഹം ആരോപിച്ചു. ''വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നതിനാലാണ് ഞങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. 

എന്നാല്‍ 90 ശതമാനം അംഗങ്ങളും എത്തിയപ്പോള്‍ യോഗം ഏകപക്ഷീയമായി മാറ്റിവെച്ചത് പ്രതിഷേധാര്‍ഹമാണ്,'' അദ്ദേഹം പറഞ്ഞു. യോഗം അട്ടിമറിക്കാന്‍ വി.സി നേരത്തെ തീരുമാനിച്ചിരുന്നു എന്നും യോഗ സമയത്ത് അദ്ദേഹത്തിന്റെ അസാന്നിധ്യം ഇത് വ്യക്തമാക്കുന്നു എന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
 

Tags

Share this story

From Around the Web