കേരളം 2 ദിവസം ചുട്ടുപൊള്ളും, ഇന്നും നാളെയും 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും; ജാഗ്രത മുന്നറിയിപ്പ്

 
Heat

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും താപനില ഉയരാന്‍ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ 3 to 4°C കൂടുതല്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ് 35.6 ഇ. കണ്ണൂരില്‍ താപനില 35. 2 ഡിഗ്രി സെല്‍ഷ്യസില്‍ ഉയര്‍ന്നു. കോട്ടയത്ത് താപനില 35 ഡിഗ്രി സെല്‍ഷ്യസില്‍ ഉയര്‍ന്നു. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

സൂര്യാതപവും നിര്‍ജലീകരണവും ഒഴിവാക്കാന്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം കേരളത്തില്‍ കാലാവര്‍ഷ മഴയില്‍ 26% കുറവ് രേഖപ്പെടുത്തി. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലാണ്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കണം, നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും ജാഗ്രത നിര്‍ദ്ദേശത്തില്‍ പറയുന്നു. കാലവര്‍ഷം ദുര്‍ബലമായതും എല്‍ നിനോയുടെ സ്വാധീനവുമാണ് താപനില ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസവും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു.

Tags

Share this story

From Around the Web