നിപയുടെ 'അദൃശ്യ' വഴി തേടി കേരളം; നൂറുകണക്കിന് പഴങ്ങള്‍ പരിശോധിച്ചിട്ടും കണ്ടെത്താനാവാതെ വിദഗ്ധസംഘം
കേരളത്തെ ഭീതിയിലാഴ്ത്തുന്ന നിപ വൈറസിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ഇന്നും വലിയൊരു ചോദ്യചിഹ്നമായി തുടരുന്നു. 2018 മുതല്‍ ഓരോ വര്‍ഷവും സംസ്ഥാനത്ത് നൂറുകണക്കിന് പഴങ്ങളാണ് വിദഗ്ധസംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്.
ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ പഴങ്ങളില്‍ നിപ വൈറസ് പരിശോധന നടത്തിയ റെക്കോര്‍ഡ് കേരളത്തിനാണെങ്കിലും, ഇതുവരെ ഒന്നില്‍പ്പോലും വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
വവ്വാലുകളിലും മനുഷ്യരിലും കണ്ടെത്തിയത് ഒരേ ഇനത്തില്‍പ്പെട്ട വൈറസാണെന്നും രോഗബാധയുണ്ടാകുന്നത് വവ്വാലുകളില്‍ നിന്നാണെന്നും ശാസ്ത്രലോകം സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍, വവ്വാലില്‍ നിന്ന് വൈറസ് കൃത്യമായി ഏത് മാര്‍ഗ്ഗത്തിലൂടെയാണ് മനുഷ്യനിലേക്ക് എത്തുന്നതെന്ന 'മിസ്സിംഗ് ലിങ്ക്' കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
റംബൂട്ടാന്‍, സപ്പോട്ട, മാംഗോസ്റ്റിന്‍, മാങ്ങ, പേരയ്ക്ക, അടയ്ക്ക തുടങ്ങിയ പക്ഷിമൃഗാദികള്‍ കടിച്ചിട്ട പഴങ്ങള്‍ ശേഖരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ ലാബുകളില്‍ ഓരോ മാസവും പരിശോധന നടത്തുന്നുണ്ട്.
എന്നാല്‍ നിപ ഒരു ആര്‍.എന്‍.എ. വിഭാഗത്തില്‍പ്പെട്ട വൈറസ് ആയതിനാല്‍, ശരീരത്തിന് പുറത്തെത്തിക്കഴിഞ്ഞാല്‍ ഇവയ്ക്ക് അധികനേരം നിലനില്‍പ്പില്ല.
സൂര്യപ്രകാശം തട്ടുന്നതോടെയും അന്തരീക്ഷ വ്യതിയാനം സംഭവിക്കുന്നതോടെയും ഈ വൈറസുകള്‍ പെട്ടെന്ന് നശിച്ചുപോകുന്നു. ഇതാണ് പഴങ്ങളില്‍ നിന്ന് ഇവയെ കണ്ടെത്താന്‍ കഴിയാത്തതിന് പ്രധാന കാരണം.
ഈ പ്രതിഭാസം അന്വേഷണത്തിന് തടസ്സമാകുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് ഇതൊരു വലിയ ആശ്വാസമാണ് നല്‍കുന്നത്. വൈറസ് അന്തരീക്ഷത്തില്‍ പെട്ടെന്ന് നശിക്കുന്നതിനാല്‍ വലിയ രീതിയിലുള്ള വ്യാപന സാധ്യത കുറയുന്നു. അതുകൊണ്ടുതന്നെ പഴങ്ങള്‍ കഴിക്കുന്നതില്‍ അമിത ഭയം വേണ്ടതില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
തിരുവനന്തപുരം തോന്നയ്ക്കലിലെ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് എന്നിവയുടെ നേതൃത്വത്തില്‍ ഇപ്പോഴും ഇതിനെക്കുറിച്ചുള്ള തീവ്ര പഠനങ്ങള്‍ നടന്നു വരികയാണ്.
കേരളത്തില്‍ മാത്രമല്ല, നിപ ബാധിച്ച മലേഷ്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും വൈറസ് മനുഷ്യരിലേക്ക് എത്തിയതിന്റെ കൃത്യമായ വഴി കണ്ടെത്തുക എന്നത് ഇന്നും ദുരൂഹമായി തുടരുന്ന പ്രതിഭാസമാണ്.