കേരളം ചുട്ടുപൊള്ളുന്നു; താപനില ഉയരാന്‍ സാധ്യത, ഇന്ന് പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണയെക്കാള്‍ മൂന്നു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത. ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
അതേസമയം ഇന്ന് പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. നാളെ നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
മറ്റന്നാളും നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഉണ്ട്. പതിമൂന്നാം തീയതി മുതല്‍ വീണ്ടും മഴ കുറയുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ അടക്കം കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കുട, സണ്‍ ഗ്ലാസ്, അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കണം. നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കണമെന്ന് മുന്നറിയിപ്പ്.