ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ കേരളം ലോകനിലവാരത്തിൽ; നോർവെയോടും സ്വീഡനോടും ഒപ്പമെന്ന് യുണിസെഫ്
തിരുവനന്തപുരം: ശിശുമരണ നിരക്ക് കുറയ്ക്കുന്നതില്‍ കേരളം ലോകത്തെ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണെന്ന് യുണിസെഫ് ഉദ്യോഗസ്ഥര്‍.
നോര്‍വെ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലെ ആരോഗ്യ നിലവാരത്തോടാണ് കേരളത്തിന്റെ നേട്ടത്തെ യുണിസെഫ് പ്രതിനിധിയായ ഡോ. റാവുള്‍ ബെര്‍മെജോ ഉപമിച്ചത്. തിരുവനന്തപുരത്ത് ബാലാവകാശ കമ്മീഷന്‍ ആസ്ഥാനം സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ശിശുമരണ നിരക്ക് ആയിരത്തിന് 5 ആണ്. ഇത് അമേരിക്കയിലെ നിരക്കിനേക്കാള്‍ (5.6) കുറവാണ്. ഇന്ത്യയുടെ ദേശീയ ശരാശരി 25 ആയി തുടരുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിച്ചത്.
മലേറിയ, ന്യുമോണിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ ഇപ്പോള്‍ വലിയ ഭീഷണിയല്ല. അതിനാല്‍, കുട്ടികളിലെ ജീവിതശൈലീ രോഗങ്ങള്‍ തടയുന്നതിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് യുണിസെഫ് നിര്‍ദ്ദേശിച്ചു.
കുട്ടികള്‍ ജീവന്‍ നിലനിര്‍ത്തുക എന്നത് മാത്രമല്ല, അവര്‍ക്ക് മികച്ച രീതിയില്‍ വളരാനും സമൂഹത്തില്‍ ഇടപെടാനുമുള്ള സാഹചര്യം ഉറപ്പാക്കണമെന്നും ഡോ. ബെര്‍മെജോ പറഞ്ഞു.
മുതിര്‍ന്നവരില്‍ കാണപ്പെടുന്ന ജീവിതശൈലീ രോഗങ്ങളുടെ ലക്ഷണങ്ങള്‍ പലപ്പോഴും കൗമാരപ്രായത്തില്‍ തന്നെ തുടങ്ങാറുണ്ട്. അതിനാല്‍ കുട്ടിക്കാലം മുതല്‍ക്കേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് യുണിസെഫ് ചൂണ്ടിക്കാട്ടി.
പരമ്പരാഗതമായി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനാണ് ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ വിട്ടുമാറാത്ത രോഗങ്ങളുള്ള കുട്ടികള്‍ക്ക് ദീര്‍ഘകാല പിന്തുണ നല്‍കുന്ന രീതിയിലേക്ക് ആരോഗ്യ മേഖല മാറേണ്ടതുണ്ട്. കേരളത്തിന്റെ ഈ മാതൃക ലോകത്തെ മറ്റ് രാജ്യങ്ങള്‍ക്ക് കൂടി പാഠമാണെന്നും യുണിസെഫ് പ്രതിനിധി കൂട്ടിച്ചേര്‍ത്തു.