പകര്‍ച്ചവ്യാധി ഭീഷണിയില്‍ കേരളം! ഡെങ്കിപ്പനി പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

 
fever


സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ അതീവ ഗൗരവകരമായി പടരുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മാത്രം 159 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ 295 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. മലപ്പുറത്തും പാലക്കാടുമായി ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത് (47 പേര്‍). കോഴിക്കോട്, എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.

ഡെങ്കിപ്പനി കൂടാതെ മറ്റ് പകര്‍ച്ചവ്യാധികളും തലവേദനയാകുന്നുണ്ട്. 22 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും കണ്ണൂരും ഓരോ മരണവും കൊല്ലത്ത് ഒരു സംശയാസ്പദമായ മരണവും റിപ്പോര്‍ട്ട് ചെയ്തു. തൃശ്ശൂരില്‍ ഒരു എച്ച് വണ്‍ എന്‍ വണ്‍ മരണവും സ്ഥിരീകരിച്ചു. കൂടാതെ ഷിഗെല്ല (15 പേര്‍), ചിക്കുന്‍ഗുനിയ (2 പേര്‍), അമീബിക് മസ്തിഷ്‌കജ്വരം (ഒരാള്‍) എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്.

സ്വയം ചികിത്സ ഒഴിവാക്കി അടിയന്തര വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്കും സന്ധികള്‍ക്കും വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് രോഗവാഹകര്‍.


അപകടസൂചനകള്‍

പനി കുറയുമ്പോള്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ തേടണം.

തുടര്‍ച്ചയായ ഛര്‍ദി, കടുത്ത വയറുവേദന.

ശരീരഭാഗങ്ങളില്‍ നിന്നുള്ള രക്തസ്രാവം, കറുത്ത മലം.

ശ്വാസംമുട്ട്, അമിതമായ തളര്‍ച്ച, ശ്വസിക്കാന്‍ പ്രയാസം.

ശരീരം തണുത്തു മരവിക്കുക, രക്തസമ്മര്‍ദം വല്ലാതെ താഴുക.

കുട്ടികളിലെ തുടര്‍ച്ചയായ കരച്ചില്‍.

പ്രതിരോധം പ്രധാനം

രോഗബാധിതര്‍ പൂര്‍ണ വിശ്രമം എടുക്കുകയും ധാരാളം പാനീയങ്ങള്‍ (കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, പഴച്ചാറുകള്‍) കുടിക്കുകയും വേണം. രോഗി കൊതുകുവലയ്ക്കുള്ളില്‍ ഉറങ്ങാന്‍ ശ്രദ്ധിക്കണം. വെള്ളം കെട്ടിനില്‍ക്കുന്ന ചിരട്ട, ടയറുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍ തുടങ്ങിയവ ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്ത് 'ഡ്രൈ ഡേ' ആചരിക്കണം. ജലസംഭരണികള്‍ കൊതുക് കടക്കാത്തവിധം മൂടിവെക്കുകയും കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം.

Tags

Share this story

From Around the Web