രാജ്യത്ത് ജൂണില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സംസ്ഥാനങ്ങളില്‍ നാലാമത് കേരളം. ജൂണില്‍ നാല് ശതമാനം മഴക്കുറവ്. ഡാമുകളില്‍ നിറവ്, കാലവര്‍ഷം തുടങ്ങിയത് മുതല്‍ 70 ശതമാനം മഴ കൂടുതല്‍

തിരുവനന്തപുരം: ഇത്തവണ ജൂണില്‍ സംസ്ഥാനത്തു നാല് ശതമാനം മഴക്കുറവെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. ജൂണില്‍ ശരാശരി 648.2 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്തു ഇത്തവണ ലഭിച്ചത് 620.4 മിമീ മഴ. 2018 ന് ശേഷം ജൂണില്‍ ലഭിക്കുന്ന ഏറ്റവും മികച്ച മഴയാണ് ഈ വര്‍ഷത്തേത്.
എന്നാല്‍ കാലവര്‍ഷം ആരംഭിച്ച മെയ് 24 മുതല്‍ ഇതുവരെ യുള്ള കണക്ക് പ്രകാരം 70% അധിക മഴ ലഭിച്ചു. അതേസമയം, രാജ്യത്ത് തന്നെ ജൂണില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സംസ്ഥാനങ്ങളില്‍ നാലാമതാണ് കേരളത്തിന്റെ സ്ഥാനം. ജൂണ്‍ മാസങ്ങളില്‍ 2024ല്‍ 25 ശതമാനവും 2023 ല്‍ 60 ശതമാനവുമായിരുന്നു മഴക്കുറവ്.
1976ന് ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂണ്‍ മാസമായിരുന്നു 2023. ജൂണില്‍ 11 ദിവസം മാത്രമാണ് ഇത്തവണ കൂടുതല്‍ മഴ ലഭിച്ചത്. എന്നാല്‍ മെയ് 24 മുതല്‍ ഇതുവരെ 20 ദിവസം കൂടുതല്‍ മഴ ലഭിച്ചു.
മെയ് 24 പ്രകാരമുള്ള കണക്ക് പ്രകാരം എല്ലാ ജില്ലകളിലും ഇത്തവണ സാധാരണയെക്കാള്‍ കൂടുതല്‍ മഴയാണ് ലഭിച്ചത്. ജൂണ്‍ 1 മുതലുള്ള കണക്ക് പ്രകാരം പത്തനംതിട്ട, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ജൂണില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ ലഭിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഏറ്റവും കുറവ് ലഭിച്ചത്. ഇത്തവണ 8 ദിവസം നേരത്തെയാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയത്.
മെയ് 23 മുതല്‍ 30 വരെയും ജൂണ്‍ 10 മുതല്‍ 18 വരെയും ജൂണ്‍ 25 മുതല്‍ 27 വരെയും കാലവര്‍ഷം ശക്തമായി പെയ്തു. മുല്ലപെരിയാര്‍ ഡാം 136 അടിയില്‍ കൂടുതല്‍ ആയതിനാല്‍ തുറക്കുകയും ചെയ്തു. ഇടുക്കി ഡാം 58 ശതമാനം നിറഞ്ഞു.