ചുട്ടുപൊള്ളി കേരളം. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 38°C വരെയും കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ 37°C വരെയും ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 36°C വരെ ചൂട് വർദ്ധിക്കുമെന്നാണ് പ്രവചനം.
സാധാരണ ലഭിക്കേണ്ടതിനേക്കാൾ 2°C മുതൽ 3°C വരെ താപനില കൂടാൻ സാധ്യതയുള്ളതിനാലാണ് ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടുന്നതിനാൽ മലയോര മേഖലകൾ ഒഴികെയുള്ള ഇടങ്ങളിൽ വരും മണിക്കൂറുകളിൽ അസ്വസ്ഥതയേറിയ കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
ഉഷ്ണതരംഗ സാഹചര്യങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.