കേരളം വീണ്ടും മഴയുടെ പിടിയില്‍; അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്

 
rain


സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കാണ് സാധ്യതയുള്ളത്. തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഈ മുന്നറിയിപ്പ് തുടരും. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ഈ ജില്ലകളില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

ഇവ കൂടാതെ സംസ്ഥാനത്തെ മറ്റ് മിക്ക ജില്ലകളിലും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ 11 ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.


ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപകടസാധ്യതയുള്ള സാഹചര്യങ്ങളില്‍ സഹായങ്ങള്‍ക്കായി എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള്‍ റൂമുകള്‍ സജ്ജമാണ്. സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Tags

Share this story

From Around the Web