മുണ്ടുമുറുക്കാനൊരുങ്ങി കേരളം; ആദ്യ നാല് മാസത്തിൽ തന്നെ റവന്യൂ കമ്മി പകുതിയോളം
മുണ്ടു മുറുക്കാനൊരുങ്ങി കേരളം; ആദ്യ നാല് മാസത്തിൽ തന്നെ റവന്യൂ കമ്മി പകുതിയോളമായി ഉയർന്നിരിക്കുകയാണ്. ജൂലൈ വരെയുള്ള കണക്കുപ്രകാരം 16,862.59 കോടിയാണ് റവന്യൂ കമ്മിയെന്ന് അക്കൗണ്ടന്റ് ജനറൽ (എ.ജി) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് വരുമാനം വർധിച്ചിട്ടുണ്ടെങ്കിലും അതിലുമേറെ ചെലവ് കൂടിയതാണ് ഈ പ്രതിസന്ധിക്ക് കാരണം. പുതുക്കിയ ബജറ്റിൽ 35,355.30 കോടിയാണ് റവന്യൂ കമ്മി കണക്കാക്കിയിരുന്നതെങ്കിലും, ആദ്യ നാലു മാസത്തിൽ തന്നെ ഇത് പകുതിയോളമെത്തി. ഈ സ്ഥിതി തുടർന്നാൽ പ്രതീക്ഷിച്ച രീതിയിൽ കമ്മി നിയന്ത്രിക്കാനാകില്ല. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ നാലു മാസം 16,084.72 കോടിയായിരുന്നു റവന്യൂ കമ്മി.
ആദ്യ നാലു മാസം കേരളത്തിന്റെ റവന്യൂ വരുമാനം 44,267.52 കോടി രൂപയാണ്. നികുതി വരുമാനം 37,459.66 കോടിയാണ്. മുൻവർഷത്തെ അപേക്ഷിച്ചു ഇത് 4,662.97 കോടിയുടെ വർധനവാണ് കാണിക്കുന്നത്. ആദ്യ നാലു മാസം കേരളത്തിന്റെ ജി.എസ്.ടി വരുമാനം 12,864 കോടി രൂപയാണെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. സെറ്റിൽമെന്റിനു ശേഷം ഐ.ജി.എസ്.ടി വിഹിതം ചേർത്ത് കഴിഞ്ഞ മാസം 3,161 കോടി ലഭിച്ചു. എ.ജിയുടെ സിവില്‍ അക്കൗണ്ട് പ്രകാരം നികുതിേതര വരുമാനവും വർധിച്ചിട്ടുണ്ട്; ഇത് 6,302.44 കോടി രൂപയാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വരുമാനം 5,200 കോടി കൂടിയപ്പോൾ ചെലവ് ആറായിരം കോടിയോളമാണ് വർധിച്ചത്. ആകെ റവന്യൂ ചെലവ് 61,130.11 കോടി രൂപയാണ്. ഇത് റവന്യൂ കമ്മിയും വർധിപ്പിച്ചു. നാലു മാസത്തിനിടെ 505 കോടിയാണ് ഗ്രാന്റായി ലഭിച്ചത്. ആകെ 11,932 കോടിയാണ് ഗ്രാന്റായി പ്രതീക്ഷിക്കുന്നത്. എന്നാൽ ജീവനക്കാർക്ക് കൃത്യമായി ഡി.എ അനുവദിച്ചാൽ ഈ ഇനത്തിലെ ചെലവ് വീണ്ടും ഉയരും. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ചെലവ് വർധിക്കരുതെന്ന് ധനവകുപ്പ് വിവിധ വകുപ്പുകൾക്ക് നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. ലാഭകരമല്ലാത്ത പദ്ധതികൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. അടുത്ത ബജറ്റിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി സർക്കുലറിലാണ് ധനവകുപ്പ് 'മുണ്ടു മുറുക്കാൻ' ആവശ്യപ്പെട്ടിരിക്കുന്നത്.