കേരളം ചുട്ടുപൊള്ളുന്നു. പുനലൂരില്‍ റെക്കോര്‍ഡ് ചൂട്. 12 ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശം
സംസ്ഥാനത്ത് താപനില സാധാരണയേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കടുത്ത ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരാനാണ് സാധ്യത.
കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്; 38.4 ഡിഗ്രി സെല്‍ഷ്യസ്. കോട്ടയത്ത് 37.8 ഡിഗ്രിയും പാലക്കാട് 37.7 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി.
വരും ദിവസങ്ങളില്‍ സംസ്ഥാനത്താകമാനം രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വരുന്ന ചൊവ്വാഴ്ച (മാര്‍ച്ച് 24) വരെ വിവിധ ജില്ലകളില്‍ താപനില ഉയര്‍ന്നുതന്നെ നില്‍ക്കും. പാലക്കാട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി വരെ ചൂട് അനുഭവപ്പെട്ടേക്കാം.
ഉയര്‍ന്ന താപനിലയോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ സാന്നിധ്യം വര്‍ധിക്കുന്നത് വിയര്‍പ്പും ശാരീരിക അസ്വസ്ഥതകളും വര്‍ധിപ്പിക്കാന്‍ കാരണമാകും.
കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണമെന്നും നേരിട്ട് വെയിലേല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അന്തരീക്ഷം ഈര്‍പ്പമുള്ളതാകുന്നത് കാരണം അനുഭവപ്പെടുന്ന ചൂട് രേഖപ്പെടുത്തുന്നതിനേക്കാള്‍ കൂടുതലായിരിക്കുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ വേണം.