രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയിൽ നിർണായക പങ്കു വഹിച്ചു കേരളം,; 
മുൻവർഷത്തെ അപേക്ഷിച്ച് കയറ്റുമതി അളവിൽ 8.11 ശതമാനം വർദ്ധന

 
3455

കോട്ടയം: രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയിൽ നിർണായക പങ്കു വഹിച്ചു കേരളം.

മുൻവർഷത്തെ അപേക്ഷിച്ച് കയറ്റുമതി അളവിൽ 8.11 ശതമാനം വർദ്ധന. ആഗോളതലത്തിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 8.46 ബില്യൺ ഡോളർ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി.

 2025-26 വർഷത്തിൽ കേരളത്തിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി 1,94,224 മെട്രിക് ടൺ ആയിരുന്നു. ഇതിന്റെ ആകെ മൂല്യം 8,466.77 കോടി രൂപയാണ് കണക്കാക്കുന്നത്. 2024-25 വർഷത്തെ അപേക്ഷിച്ച് കയറ്റുമതി അളവിൽ 8.11 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ നിന്നുള്ള കയറ്റുമതിയിൽ സിംഹഭാഗവും ശീതീകരിച്ച ചെമ്മീനാണ്. ആകെ കയറ്റുമതി മൂല്യത്തിന്റെ 47.34 ശതമാനം വരുമിത്. ശീതീകരിച്ച കൂന്തൾ 21.72%, കണവ 14.12%, ശീതീകരിച്ച മത്സ്യം 6.74% എന്നിവയാണ് മറ്റ് പ്രധാന ഇനങ്ങൾ.

 ഉണക്കിയ മത്സ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലും 38.08 ശതമാനം വളർച്ചയുണ്ടായി. വിപണികളുടെ കാര്യത്തിൽ യൂറോപ്യൻ യൂണിയനാണ് കേരളത്തിന്റെ ഏറ്റവും വലിയ പങ്കാളി. ആകെ കയറ്റുമതിയുടെ 31.74 ശതമാനം മൂല്യം ഇവിടേക്കാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ 19.37%, ചൈന 18.83%, അമേരിക്ക 13.24% എന്നിവയാണ് തൊട്ടുപിന്നാലെയുള്ള പ്രധാന വിപണികൾ. 

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ കേരളത്തിൻ്റെ മത്സ്യമേഖലയ്ക്ക് വൻ വളർച്ചാ സാധ്യതകളാണ് നൽകുന്നത്.  

യൂറോപ്യൻ വിപണിയിലേക്ക് വലിയ തോതിൽ കേരളത്തിൻ നിന്നുള്ള മത്സ്യങ്ങൾക്കു അനായാസം പ്രവേശനം ലഭിക്കുകയും ചെയ്യും. 

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ഉയർന്ന വരുമാനവും പുതിയ തൊഴിലവസരങ്ങളും ലഭ്യമാക്കാൻ കരാർ സഹായിക്കും. ഇന്ത്യയുടെ ഗുണനിലവാരവും പരിശോധനാ സംവിധാനങ്ങളും യൂറോപ്യൻ യൂണിയൻ അംഗീകരിച്ചതിനാൽ, തുടർന്നും യാതൊരു തടസവുമില്ലാതെ യൂറോപ്പിലേക്ക് മത്സ്യങ്ങൾ കയറ്റി അയക്കാൻ സാധിക്കും.

Tags

Share this story

From Around the Web