സൈബര്‍ കെണികളില്‍ വീഴാതെ കേരളം; സംസ്ഥാനത്ത് കേസുകളുടെ എണ്ണത്തില്‍ വന്‍ കുറവ്

 
Cyber



തിരുവനന്തപുരം: വെര്‍ച്വല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നൂതന സൈബര്‍ തട്ടിപ്പുകള്‍ സംസ്ഥാനത്ത് സജീവമാണെങ്കിലും, സൈബര്‍ കേസുകളുടെ രജിസ്ട്രേഷനില്‍ വന്‍ കുറവ് രേഖപ്പെടുത്തുന്നു. 


പോലീസും ബാങ്കുകളും മാധ്യമങ്ങളും സംയുക്തമായി നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ ജാഗ്രത വളര്‍ത്തിയതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം.

2020 മുതല്‍ കുതിച്ചുയര്‍ന്നിരുന്ന സൈബര്‍ കേസുകളുടെ എണ്ണത്തിലാണ് ഇപ്പോള്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ കാര്യമായ കുറവുണ്ടായതായി പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2024-ല്‍ ആകെ 3581 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, 2025 നവംബര്‍ വരെ അത് 2320 ആയി ചുരുങ്ങി. ഡിസംബറിലെ കണക്കുകള്‍ കൂടി ലഭ്യമാകാനുണ്ടെങ്കിലും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കേസുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.


2020 മുതല്‍ സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളില്‍ ദൃശ്യമായിരുന്ന വര്‍ധനയ്ക്ക് ഒടുവില്‍ തടയിടാനായി. റെക്കോര്‍ഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 2024-ല്‍ മാസം ശരാശരി 299 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്ത്, കഴിഞ്ഞ വര്‍ഷം അത് 211 ആയി കുറഞ്ഞു. 

കുറ്റകൃത്യങ്ങളില്‍ ഉണ്ടായ ഈ 35.21 ശതമാനത്തിന്റെ കുറവ്, പോലീസും ബാങ്കുകളും മാധ്യമങ്ങളും സംയുക്തമായി നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

സൈബര്‍ തട്ടിപ്പിനിരയായാല്‍ ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍  പരാതിപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ ഏറെ സഹായിക്കുന്നുണ്ട്.

 സാധാരണക്കാര്‍ മുതല്‍ ഐടി വിദഗ്ധരും നിയമവിദഗ്ധരും പോലീസ് ഉദ്യോഗസ്ഥരും വരെ ഇത്തരം ചതിക്കുഴികളില്‍ വീഴുന്നുണ്ടെന്നതാണ് വാസ്തവം. പ്രത്യേകിച്ച്, പ്രായമായവരെ ലക്ഷ്യമിട്ടാണ് വെര്‍ച്വല്‍ അറസ്റ്റ് പോലുള്ള തട്ടിപ്പുകള്‍ അരങ്ങേറുന്നത്.

 ഇവരുടെ സാങ്കേതിക അറിവില്ലായ്മയെയും സാമൂഹിക പ്രതിഛായയെക്കുറിച്ചുള്ള ഭയത്തെയും തട്ടിപ്പുകാര്‍ ചൂഷണം ചെയ്യുന്നു. ഏതെങ്കിലും തരത്തിലുള്ള സൈബര്‍ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ ഒട്ടും വൈകാതെ 1930 എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ വിവരമറിയിക്കുക.

സൈബര്‍ സുരക്ഷയ്ക്ക് കാവലായി 'സൈബര്‍ കമാന്‍ഡോകള്‍'

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി കേരള പോലീസിന്റെ കീഴില്‍ 97 സൈബര്‍ കമാന്‍ഡോകള്‍ സജ്ജരായിക്കഴിഞ്ഞു.

 കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. 


ദേശീയ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാല നടത്തുന്ന ദേശീയതല പരീക്ഷയിലൂടെയാണ് മിടുക്കരായ പോലീസ് ഉദ്യോഗസ്ഥരെ ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.

 അത്യാധുനിക രീതിയിലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാനുള്ള പ്രത്യേക പരിശീലനം ഇവര്‍ക്ക് ലഭിക്കുന്നു.

കഴിഞ്ഞ വര്‍ഷം സഹായം തേടി സൈബര്‍ ക്രൈം ഹെല്‍പ്ലൈന്‍ നമ്പറില്‍ എത്തിയത് 1,92,313 കോളുകളാണ്. ശരാശരി മാസം 16,026 കോളുകള്‍. 

പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ 150.24 കോടി രൂപ തട്ടിപ്പുകാരില്‍ നിന്നും തിരിച്ചുപിടിക്കാന്‍ സാധിച്ചു. 
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 2024-ല്‍ കേസുകള്‍ റെക്കോര്‍ഡ് നിരക്കിലെത്തിയെങ്കിലും 2025-ല്‍ കുറവ് പ്രകടമാണ്.

Tags

Share this story

From Around the Web