കേരള കോൺഗ്രസ് എം ഇടതുപക്ഷത്തിനൊപ്പം നിൽക്കും’; നിലപാട് നേരത്തെ വ്യക്തമാക്കിയതെന്ന് ജോസ് കെ മാണി
തിരുവനന്തപുരം: കേരള കോൺഗ്രസ് എം ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. പാല നിയമസഭ മണ്ഡലത്തിൽ രണ്ടിലെ ചിഹ്നത്തിൽ 10 സ്ഥാനാർത്ഥികൾ കഴിഞ്ഞതവണയും ഇപ്രാവശ്യവും ജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.
പി.ജെ ജോസഫ് വീമ്പ് പറയുന്ന തൊടുപുഴ മുൻസിപ്പാലിറ്റിയിൽ 36 വാർഡിൽ മത്സരിച്ച ഇടത്ത് മൂന്ന് സ്ഥലത്ത് മാത്രമാണ് അവർ ജയിച്ചത്. കഴിഞ്ഞ 30 വർഷമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം തൊടുപുഴയിൽ ചെയർമാൻ സ്ഥാനത്തേക്ക് വന്നിട്ടില്ല. മൂന്നുതവണ കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാൻ വന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.
പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയെ പോലെയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗമെന്ന് ജോസ് കെ മാണി പരിഹസിച്ചു. കോൺഗ്രസ് എന്തെങ്കിലും കൊടുത്താൽ അത് വാങ്ങിച്ചെടുക്കാൻ നോക്കും. ഈ തിരഞ്ഞെടുപ്പിൽ സംഘടനാപരമായി കേരള കോൺഗ്രസ് എമ്മിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ഉണ്ടായ വീഴ്ചകൾ പരിശോധിക്കും. ഏറ്റക്കുറവുകൾ സംഭവിച്ചിട്ടുണ്ട്, അത് പരിശോധിക്കും. ശബരിമല തോൽവിക്ക് കാരണമായിട്ടുണ്ടോ എന്ന് അടക്കം വിഷയങ്ങൾ പരിശോധിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.