നീതിനിഷേധത്തിനെതിരെ കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണയും

തിരുവനന്തപുരം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തോലിക്ക എയ്ഡഡ് മേഖലയിലെ അധ്യാപകരോടു കാണിക്കുന്ന നീതിനിഷേധത്തിനെതിരെ കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധമാര്‍ച്ചും ധര്‍ണയും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു.
സുപ്രീംകോടതി വിധിപോലും സര്‍ക്കാര്‍ പാലിക്കാത്തത് തികച്ചും വിവേചനപരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു സമുദായത്തിലെ അധ്യാപക നിയമന അംഗീകാരവുമായി ബന്ധപ്പെട്ട് ലഭിച്ച വിധി സമാനസ്വഭാവമുള്ള എല്ലാ സൊസൈറ്റികളുടെയും സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് ബാധകമാണെന്ന് വിധിയില്‍ വ്യക്തമാക്കിയിരുന്നതാണ്.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതു നടപ്പിലാക്കുന്നില്ല.
നീതി നിഷേധം പ്രകടമായ രൂപത്തില്‍ ദൃശ്യമാണെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു.
ഭിന്നശേഷി സംവരണ നിയമം നടപ്പിലാക്കാന്‍ കത്തോലിക്ക മാനേജുമെന്റുകള്‍ സന്നദ്ധരാണ്. ഭിന്നശേഷി നിയമനം പൂര്‍ണമായും നടപ്പിലാക്കിയതിനുശേഷമേ മറ്റു നിയമനം അംഗീകരിക്കൂ എന്ന ഗവണ്‍മെന്റിന്റെ നിലപാടാണ് യഥാര്‍ത്ഥത്തില്‍ പ്രശ്‌നം.
സര്‍ക്കാര്‍ അധ്യാപകരോടു പുലര്‍ത്തുന്നത് അനീതിയാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു.
ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള ഒഴിവുകള്‍ എല്ലാ മാനേജ്‌മെന്റുകളും മാറ്റിവച്ചിട്ടുണ്ട്. വേണ്ടത്ര ഭിന്നശേഷിക്കാര്‍ ഇല്ലാത്തതിനാലാണ് ഒഴിവുകള്‍ നികത്താന്‍ കഴിയാത്തതെന്ന് ഡോ. ഇഗ്നാത്തിയോസ് ചൂണ്ടിക്കാട്ടി.
എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റും തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറാളുമായ മോണ്‍. വര്‍ക്കി ആറ്റുപുറത്ത് വിഷയാവതരണം നടത്തി.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നും ആരംഭിച്ച മാര്‍ച്ചില്‍ 32 രൂപതകളില്‍നിന്നുള്ള അധ്യാപകര്‍ പങ്കെടുത്തു.
കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു, സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.