വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കേരള കത്തോലിക്കാ മെത്രാൻ സമിതി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി
May 13, 2026, 13:31 IST
വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കേരള കത്തോലിക്കാ മെത്രാൻ സമിതി (KCBC) നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 70 വീടുകളുടെ താക്കോൽദാനം നാളെ വൈകുന്നേരം 4 മണിക്ക് മഞ്ഞക്കുന്ന് സെന്റ് അൽഫോൺസ പള്ളി അങ്കണത്തിൽ നടക്കും. ഇതോടൊപ്പം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും നിർവ്വഹിക്കപ്പെടും. കെ.സി.ബി.സി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആമുഖ പ്രഭാഷണം നടത്തും. തുടക്കത്തിൽ 41 വീടുകൾ നിർമ്മിക്കാനാണ് കെ.സി.ബി.സി തീരുമാനിച്ചിരുന്നത്. എന്നാൽ അപേക്ഷകരുടെ എണ്ണം പരിഗണിച്ച് ഇത് 70 ആയി ഉയർത്തുകയായിരുന്നു. വിവിധ രൂപതകൾ, സന്യാസ സഭകൾ, സാമൂഹിക സംഘടനകൾ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കിയത്. കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വത്തിൽ താമരശ്ശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ 'സി.ഒ.ഡി' (COD) ആണ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്.