ചുമ മരുന്നായ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന നിരോധിച്ച് കേരളം: ഈ സിറപ്പ് സംസ്ഥാനത്തെ മരുന്ന് കടകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ വിൽക്കാനോ കൊടുക്കാനോ പാടില്ലെന്നും കർശന നിർദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ പ്രശ്‌നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഈ സിറപ്പ് സംസ്ഥാനത്തെ മരുന്ന് കടകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ വിൽക്കാനോ കൊടുക്കാനോ പാടില്ല.
ഈ ബാച്ച് മരുന്നിന്റെ വില്‍പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാക്കിയതെന്നും മന്ത്രി പറഞ്ഞു.
എങ്കിലും സുരക്ഷയെ കരുതിയാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും വില്‍പനയും പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. കെ.എം.എസ്.സി.എല്‍. വഴി കോള്‍ഡ്രിഫ് സിറപ്പ് വിതരണം ചെയ്യുന്നില്ലെന്നും മന്ത്രി അറിയിച്ചു.
രാജസ്ഥാനിലും മധ്യപ്രദേശിലും ചുമമരുന്നു കഴിച്ചതിനു പിന്നാലെ അസ്വാസ്ഥ്യമുണ്ടായി 11 കുട്ടികൾ മരിച്ചിരുന്നു. മരിച്ച കുട്ടികൾക്ക് വൃക്ക തകരാറുകളും കണ്ടെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച മധ്യപ്രദേശ് സർക്കാർ മരുന്നിന്റെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
1400 ഓളം കുട്ടികൾ രാജസ്ഥാനിൽ നിരീക്ഷണത്തിലാണ്. ചുമമരുന്ന് കഴിച്ച് മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പുകൾ നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ മാർഗനിർദേശം പുറത്തിറക്കിയിരുന്നു. ശിശുമരണങ്ങൾക്കു പിന്നാലെ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന തമിഴ്നാട് സർക്കാറും നിർത്തിവെച്ചിട്ടുണ്ട്