നീതിക്കും ജീവന്റെ സംരക്ഷണത്തിനുമായി കൈകോർക്കാം: കെനിയൻ കത്തോലിക്കാ മെത്രാൻസമിതിയുടെ ആഹ്വാനം

 
Angola

കെനിയയിൽ വർധിച്ചുവരുന്ന അക്രമങ്ങൾക്കെതിരെയും സാമൂഹികനീതിക്കായും ശബ്ദമുയർത്തി കെനിയൻ കത്തോലിക്കാ മെത്രാൻസമിതി (KCCB). അതേസമയം, മനുഷ്യാവകാശങ്ങളോടുള്ള ആദരവ്, ധാർമ്മികമായ നേതൃത്വം, സാമൂഹികനീതി എന്നിവയിലധിഷ്ഠിതമായ ഒരു ദേശീയ നവോത്ഥാനത്തിനും മെത്രാന്മാർ ആഹ്വാനം ചെയ്തു.

ജീവന്റെ പവിത്രതയ്ക്കു നേരെയുണ്ടാകുന്ന ഭീഷണികളാണ് മെത്രാന്മാരുടെ സന്ദേശത്തിന്റെ കാതൽ. അടുത്തിടെ നടന്ന വിശദീകരിക്കാനാകാത്ത കൊലപാതകങ്ങളിലും കൂട്ടമരണങ്ങളിലും ബിഷപ്പുമാർ ആശങ്ക രേഖപ്പെടുത്തി.

ഇത്തരത്തിലുള്ള ദുരന്തങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവർ ശിക്ഷിക്കപ്പെടാതെ കടന്നുപോകുന്നത് സമൂഹത്തിന്റെ ധാർമ്മികതയ്ക്ക് വെല്ലുവിളിയാണെന്ന് അവർ മുന്നറിയിപ്പ് നൽകി.

ദരിദ്രരും ദുർബലരുമായ ഇരകൾക്ക് നീതി ഉറപ്പാക്കണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.


രാഷ്ട്രീയചർച്ചകളിൽ നിറയുന്ന അധിക്ഷേപങ്ങളെയും അസഹിഷ്ണുതയെയും ചൂണ്ടിക്കാട്ടിയ ബിഷപ്പുമാർ, രാഷ്ട്രീയലാഭത്തിനായി യുവാക്കളെ അക്രമപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത് നിർത്തണമെന്നും നേതാക്കൾ തങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും മാന്യതയും ഉത്തരവാദിത്തവും പുലർത്തണമെന്നും ഓർമ്മിപ്പിച്ചു.

2027 ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട്, എല്ലാ കെനിയൻ പൗരന്മാരും പ്രത്യേകിച്ച് യുവാക്കൾ വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് ബിഷപ്പുമാർ അഭ്യർഥിച്ചു.

രാഷ്ട്രത്തിന്റെ ഭാവി നിർണ്ണയിക്കാൻ പൗരന്മാരുടെ പങ്കാളിത്തം അനിവാര്യമാണ്.

വെല്ലുവിളികൾക്കിടയിലും പ്രത്യാശയോടെ മുന്നേറാൻ ആഹ്വാനം ചെയ്ത മെത്രാന്മാർ, നീതിയും സമാധാനവും പുലരുന്ന ഒരു സമൂഹത്തിനായി പ്രാർഥിക്കാനും ഒന്നിച്ചുനിൽക്കാനും ആവശ്യപ്പെട്ടു.

“പ്രത്യാശയുടെ തീർഥാടകർ എന്ന നിലയിൽ ഒന്നിച്ചുനടക്കാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് മെത്രാൻസമിതി തങ്ങളുടെ സന്ദേശം അവസാനിപ്പിച്ചത്.

Tags

Share this story

From Around the Web