അക്കൗണ്ട് മൈനസെന്ന് കീർത്തന; പക്ഷേ കണ്ടെത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ഇടപാട്, ചാറ്റുകളും ഫോട്ടോകളും
വടകര: വടകര എംഡിഎംഎ കേസിൽ റിമാൻഡിലായ അധ്യാപിക കീർത്തന, എൻ.ഡി.പി.എസ്. കേസിലുൾപ്പെട്ട മറ്റ് പ്രതികളുമായി ലക്ഷക്കണക്കിന് രൂപയുടെ ഗൂഗിൾ പേ ഇടപാടുകൾ നടത്തിയെന്ന് അന്വേഷണസംഘം കോടതിയിൽ വ്യക്തമാക്കി. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി വടകര എൻ.ഡി.പി.എസ്. കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കേസിലെ ഒന്നാം പ്രതി സഫ്വാനിൽനിന്ന് കീർത്തന പണം സ്വീകരിച്ചിട്ടുണ്ട്. കൂടാതെ കാവ്യ, നീഷ്മ, ജിജിൽ തുടങ്ങിയ പ്രതികൾക്കും ഇവർ പണം അയച്ചുകൊടുത്തിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കീർത്തനയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് എൻ.ഡി.പി.എസ്. കേസ് പ്രതികളുമായുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന ഫോട്ടോകളും ലഹരി ഇടപാടുകൾ സംബന്ധിച്ച ചാറ്റുകളും ലഭിച്ചതായി പോലീസ് കോടതിയെ അറിയിച്ചു.
പേരാമ്പ്ര ബി.ആർ.സി.യിലെ താത്കാലിക അധ്യാപികയായ കീർത്തന ലഹരിവിൽപ്പനയ്ക്കായി കുട്ടികളെ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നും, കുറ്റകൃത്യങ്ങൾക്കായി മറ്റ് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
പോലീസിന്റെ അപേക്ഷ പരിഗണിച്ച കോടതി, കീർത്തനയെ രണ്ടു ദിവസത്തേക്ക് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്കകം പ്രതിയെ തിരികെ ഹാജരാക്കാനാണ് വടകര എൻ.ഡി.പി.എസ്. കോടതി ജഡ്ജി അന്യാസ് തയ്യിലിന്റെ ഉത്തരവ്. അതേസമയം, കാവ്യ, നീഷ്മ, സഫ്വാൻ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ, മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പോലീസിന്റെ കൈവശം ശക്തമായ തെളിവുകളില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും അതിനായി കസ്റ്റഡി ആവശ്യമാണെന്നും പ്രോസിക്യൂട്ടർ ഇ.വി. ലിജീഷ് മറുപടി നൽകി.
കോടതിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടയിൽ മാധ്യമങ്ങൾക്ക് മുന്നിൽ കീർത്തന പൊട്ടിത്തെറിച്ചു. തനിക്കെതിരെ അന്വേഷണോദ്യോഗസ്ഥർ പറയുന്നതെല്ലാം കള്ളമാണെന്നും മാധ്യമങ്ങളും സത്യം അറിയണമെന്നും അവർ രോഷാകുലയായി പറഞ്ഞു. തന്റെ രണ്ട് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളും പരിശോധിക്കാമെന്നും രണ്ടിലും ലോൺ അടവ് ബാക്കിനിൽക്കുന്ന അവസ്ഥയാണെന്നും അവർ വ്യക്തമാക്കി. താനൊരു അധ്യാപികയാണെന്നും ഒരു ആൺകുട്ടിയുടെ അമ്മയാണെന്നും തനിക്ക് ലഹരികേസിൽ യാതൊരു പങ്കുമില്ലെന്നും എംഡിഎംഎ നൽകിയിട്ടില്ലെന്നും കീർത്തന കൂട്ടിച്ചേർത്തു.