മനസ്സിനെ കൈവിട്ടുപോകാതെ കാക്കാം; വികാരങ്ങളെ നിയന്ത്രിക്കാൻ അഞ്ചു വഴികൾ ഇതാ
അനാവശ്യ ചിന്തകളും ഉത്കണ്ഠകളും കാരണം നിങ്ങളുടെ ഉറക്കം നഷ്ടപ്പെടാറുണ്ടോ? നമ്മുടെ ഒരു സാധാരണ ദിവസത്തെ തകിടം മറിക്കാൻ വികാരങ്ങൾക്ക് സാധിക്കും. ജോലിസ്ഥലത്ത് നിന്നുള്ള ഒരു അസുഖകരമായ ഇമെയിൽ, പുലർച്ചെ മൂന്ന് മണിക്ക് മനസ്സിനെ അലോസരപ്പെടുത്തുന്ന ഒരു ചിന്ത, നമ്മെ ദേഷ്യത്തിലേക്കും സങ്കടത്തിലേക്കും ഭയത്തിലേക്കും നിരാശയിലേക്കും തള്ളിയിടാൻ ഇത്തരം ചില നിസാരമെന്ന് തോന്നിക്കുന്ന കാര്യങ്ങൾ മതി.
തീവ്രമായ വികാരങ്ങൾ നമ്മെ തളർത്തുന്നത് അവയുടെ സാന്നിധ്യം കൊണ്ടല്ല, മറിച്ച് നമ്മളറിയാതെ നമ്മൾ അവയ്ക്ക് വീണ്ടും വീണ്ടും ‘ഭക്ഷണം കൊടുത്ത്’ വളർത്തുന്നത് കൊണ്ടാണ്. നമ്മളായിട്ട് നിയന്ത്രിച്ചില്ലെങ്കിൽ ഏതൊരു തീവ്രമായ വികാരത്തിനും വളരെ കുറഞ്ഞ സമയം മാത്രമേ ആയുസ്സുള്ളൂ. കേൾക്കുമ്പോൾ തന്നെ വലിയൊരു ആശ്വാസം നൽകുന്ന ചിന്തയാണിത്. പലപ്പോഴും ഒരു ചെറിയ അസ്വസ്ഥതയെ വലിയൊരു വ്യക്തിഗത ദുരന്തമായി മാറ്റുന്നതും, കടന്നുപോകുന്ന ഒരു ചെറിയ ആശങ്കയെ ഒരു വലിയ ഭീകരാന്തരീക്ഷമായി മനസ്സിൽ പുനഃസൃഷ്ടിക്കുന്നതും നമ്മൾ തന്നെയാണ്.
ഈ അവസ്ഥയെ മറികടക്കാൻ ഫലപ്രദമായ അഞ്ചു പ്രധാന വഴികൾ താഴെ പറയുന്നവയാണ്:
1. വികാരങ്ങൾക്ക് കൃത്യമായ പേര് നൽകുക
നമ്മുടെ മനസ്സിന്റെ അവസ്ഥയെ കൃത്യമായി തിരിച്ചറിയുക എന്നതാണ് ഒന്നാമത്തെ വഴി. പലരും ഭയം, നിരാശ, ദേഷ്യം, അപമാനം, ഉത്കണ്ഠ എന്നിവയെയെല്ലാം ‘സ്ട്രെസ്’ (Stress) എന്ന ഒരൊറ്റ വാക്കിന്റെ കുടക്കീഴിലാണ് ഒതുക്കാറുള്ളത്. എന്നാൽ നമ്മുടെ വികാരങ്ങൾക്ക് കൃത്യമായ പേര് നൽകുമ്പോൾ അവയോടുള്ള ഭയം പകുതിയായി കുറയും. “എനിക്ക് നല്ല സ്ട്രെസ് ഉണ്ട്” എന്ന് പറയുന്നതിന് പകരം “എനിക്ക് വലിയ നിരാശ തോന്നി” എന്നോ “ഞാൻ അവഗണിക്കപ്പെട്ടതായി അനുഭവപ്പെട്ടു” എന്നോ കൃത്യമായി തിരിച്ചറിയുമ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.
2. മനസ്സിലെ ‘റീപ്ലേകൾ’ അവസാനിപ്പിക്കുക
കഴിഞ്ഞുപോയ സംഭവങ്ങളെ മനസ്സിലിട്ട് വീണ്ടും വീണ്ടും കാണുന്നതിൽ മനുഷ്യർ മിടുക്കരാണ്. കേവലം 45 സെക്കൻഡ് മാത്രം നീണ്ടുനിന്ന ഒരു തർക്കം, പിന്നീട് മനസ്സിൽ ആറ് മണിക്കൂർ നീളുന്ന ഒരു വെബ് സീരീസ് പോലെ നമ്മൾ ഓടിച്ചു നോക്കും. അതിൽ പുതിയ പ്രതികാര പ്രസംഗങ്ങളും ഭാവനകളും കൂട്ടിച്ചേർക്കും. വൈകാരിക നിയന്ത്രണമെന്നത് കഴിഞ്ഞുപോയ കാര്യങ്ങളെ ഓർത്ത് മനസ്സിനെ വീണ്ടും വേദനിപ്പിക്കുന്നത് നിർത്തലാക്കുക എന്നത് കൂടിയാണ്.
3. വികാരങ്ങളെ അംഗീകരിക്കുക, പക്ഷേ അവിടെ സ്ഥിരതാമസമാക്കരുത്
വികാരങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ അവ കൂടുതൽ ശക്തമായി തിരിച്ചടിക്കും. ഭയത്തെ ഒളിച്ചുവെക്കാൻ നോക്കിയാൽ അത് കൂടുതൽ വല്ലാതെ ഭയപ്പെടുത്തും. എന്നാൽ വികാരങ്ങളെ അംഗീകരിക്കുക എന്നാൽ അതിൽത്തന്നെ മുഴുകിക്കഴിയുക എന്നല്ല അർഥം.
ഇത്തരം സന്ദർഭങ്ങളിൽ മനസ്സിന് ഒരു സ്കെയിൽ നിശ്ചയിക്കുന്നത് നന്നായിരിക്കും. “എല്ലാം തകർന്നു” എന്ന് ചിന്തിക്കുന്നതിന് പകരം, “എനിക്ക് ഇപ്പോൾ എത്രത്തോളം ദേഷ്യമുണ്ട്? പത്തിൽ നാലോ അതോ എട്ടോ?” എന്ന് സ്വയം ചോദിക്കുക. ആ നമ്പറിനെ പതുക്കെ താഴേക്ക് കൊണ്ടുവരാൻ എന്ത് ചെയ്യാൻ സാധിക്കുമെന്ന് ചിന്തിക്കുക. ഒരു ചെറിയ നടത്തം, പ്രാർഥന, വ്യായാമം, നല്ല ഭക്ഷണം, ഉറക്കം അല്ലെങ്കിൽ പ്രിയപ്പെട്ടവരുമായി സംസാരിച്ച് ഒന്ന് ചിരിക്കുന്നത് പോലും ഈ മാറ്റത്തിന് സഹായിക്കും. മനുഷ്യ മനസ്സിന് ഒരേസമയം ദുഃഖവും കൃതജ്ഞതയും, ഉത്കണ്ഠയും ആവേശവും ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കും.
4. മനസ്സിനൊപ്പം ശരീരത്തെയും ശാന്തമാക്കുക
വികാരങ്ങൾ എന്നത് കേവലം ചിന്തകൾ മാത്രമല്ല, അവ ശരീരത്തെയും ബാധിക്കുന്നു. ഉത്കണ്ഠ ശ്വാസഗതി കൂട്ടും, ദേഷ്യം പേശികളെ മുറുക്കും. അതുകൊണ്ട് തന്നെ വൈകാരിക നിയന്ത്രണം ആരംഭിക്കേണ്ടത് ശരീരത്തെ ശാന്തമാക്കിക്കൊണ്ടാണ്. പതുക്കെയുള്ള ശ്വാസോച്ഛ്വാസം, കണ്ണുകൾ അടച്ചുള്ള പ്രാർഥന, വിശ്വസ്തരായവരുമായി ചേർന്ന് പൊട്ടിച്ചിരിക്കുക എന്നിവയെല്ലാം നാഡീവ്യൂഹത്തെ ശാന്തമാക്കാൻ സഹായിക്കും. ദേഷ്യം വരുമ്പോൾ അടുക്കളയും വീടും വൃത്തിയാക്കുന്ന ചിലരെ നിങ്ങൾ കണ്ടിട്ടുണ്ടാകാം, ജോലി തീരുന്നതോടെ അവരുടെ ദേഷ്യവും പമ്പകടന്നിട്ടുണ്ടാകും! മനസ്സ് ശാന്തമാകുന്നതിന് മുൻപ് തന്നെ പലപ്പോഴും ശരീരം ശാന്തമായിട്ടുണ്ടാകും.
5. ഏത് ചിന്തയ്ക്ക് മുൻഗണന നൽകണമെന്ന് സ്വയം തീരുമാനിക്കുക
നമ്മളാരും വികാരങ്ങളില്ലാത്ത യന്ത്രങ്ങളാകാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും എല്ലാ ചിന്തകൾക്കും ഒരേ പ്രാധാന്യം നൽകേണ്ടതില്ല എന്ന് തിരിച്ചറിയുകയാണ് പ്രധാനം. ചില ചിന്തകൾ നമുക്ക് മുന്നറിയിപ്പ് നൽകുന്നവയായിരിക്കും, എന്നാൽ മറ്റ് ചില ചിന്തകൾ വെറും ശാരീരിക ക്ഷീണം കൊണ്ട് ഉണ്ടാകുന്നവ മാത്രമായിരിക്കും. ഏതാണ് ശരിയായ ചിന്തയെന്ന് തിരിച്ചറിയാനുള്ള വിവേകമാണ് ഏറ്റവും വലിയ വൈകാരിക വൈദഗ്ധ്യം. അനാവശ്യ ചിന്തകളെ മനസ്സിലിരുത്താതെ പതുക്കെ പടിയിറക്കി വിടാൻ പഠിക്കുക.