കീം' റാങ്ക്ലിസ്റ്റ്; കേരളം അപ്പീല്‍ നല്‍കുമോയെന്ന് സുപ്രീം കോടതി, ഹര്‍ജികള്‍ നാളെ പരിഗണിക്കും

 
Keam

ന്യൂഡല്‍ഹി: സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള 'കീം' റാങ്ക്‌ലിസ്റ്റ് സംബന്ധിച്ച കേരള ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നുണ്ടോയെന്ന് അറിയേണ്ടതുണ്ടെന്ന് സുപ്രീം കോടതി. 

സര്‍ക്കാരിന്റെ അഭിഭാഷകനോട് ഇക്കാര്യത്തില്‍ വ്യക്തത നല്‍കാന്‍ നിര്‍ദേശിച്ച ബെഞ്ച് ഹര്‍ജികള്‍ നാളെ പരിഗണിക്കാനായി മാറ്റി. ഓപ്ഷന്‍ നല്‍കാനുള്ള അവസാന തീയതി ഓഗസ്റ്റ് രണ്ടാണെന്ന് സിബിഎസ്ഇ വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, പ്രവേശന നടപടികള്‍ തടസ്സപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി. പ്രവേശന കാര്യങ്ങളിലെ അനിശ്ചിതാവസ്ഥ രാജ്യത്ത് ഗുരുതര പ്രശ്നം സൃഷ്ടിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

പ്രോസ്പെക്ടസ് പ്രകാരം സര്‍ക്കാരിന് ഇതില്‍ ഭേദഗതി വരുത്താനും നയപരമായ തീരുമാനം എടുക്കാനും അധികാരമുണ്ടെന്ന് കേരള സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍ വാദിച്ചു. മുന്‍ വര്‍ഷങ്ങളിലെ റാങ്ക് പട്ടിക പരിശോധിച്ചാല്‍ സിബിഎസ്ഇ വിദ്യാര്‍ഥികളാണ് മുന്നില്‍ വരുന്നതെന്ന് വ്യക്തമാകുമെന്നും, അനുപാതം കണക്കാക്കുന്നതിലെ വ്യത്യാസം കൊണ്ടാണിതെന്നും, ഇതു പരിഹരിക്കാന്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയതെന്നും കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, പി.എസ്. സുല്‍ഫിക്കര്‍ എന്നിവര്‍ വാദിച്ചു.

കേരള സിലബസില്‍ പഠിച്ച് 100% മാര്‍ക്ക് നേടിയവര്‍ക്ക് മാത്രമാണ് റാങ്ക് പട്ടികയില്‍ മുന്നിലെത്താന്‍ കഴിയുന്നതെന്നും ഈ അസമത്വം മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നുമായിരുന്നു വാദം. എന്നാല്‍, റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് കേവലം ഒരു മണിക്കൂര്‍ മുന്‍പ് മാത്രമാണ് പ്രോസ്പെക്ടസില്‍ മാറ്റം വരുത്തിയതെന്നും ഇതു നിയമവിരുദ്ധമാണെന്നും സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഹാജരായ അല്‍ജോ കെ. ജോസഫ് വാദിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളിയതോടെയാണ് 'കീം' റാങ്ക്‌ലിസ്റ്റ് ജൂലൈ 11ന് രാത്രി സര്‍ക്കാര്‍ പുതുക്കി പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കില്‍ 79 പേരും സിബിഎസ്ഇ വിദ്യാര്‍ഥികളായിരുന്നു.

കേരള സിലബസ് വിദ്യാര്‍ഥികള്‍ 21 പേരാണ്. കോടതി റദ്ദാക്കിയ റാങ്ക് പട്ടികയില്‍ ഇതു യഥാക്രമം 55, 43 എന്നിങ്ങനെയായിരുന്നു. മാര്‍ക്ക് ഏകീകരണരീതി മാറ്റുന്നതിനെതിരെ കോടതിയെ സമീപിച്ച സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മേല്‍ക്കൈ നല്‍കുന്നതായിരുന്നു പുതുക്കിയ റാങ്ക്‌ലിസ്റ്റ്. ഇതോടെയാണ് കേരള സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ഇക്കൊല്ലം പുതുതായി നടപ്പാക്കിയ മാര്‍ക്ക് ഏകീകരണ ഫോര്‍മുല നിയമവിരുദ്ധമെന്ന ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് പഴയ ഫോര്‍മുല പ്രകാരമുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

Tags

Share this story

From Around the Web