കെസിവൈഎം സംസ്ഥാന യുവജന ദിനാഘോഷം ഇടുക്കിയില്‍

 
kcym


ഇടുക്കി: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന യുവജന ദിനാഘോഷം 'കെയ്റോസ് 2026' കെസിവൈഎം ഇടുക്കി രൂപതയുടെ ആതിഥേയത്വത്തില്‍ മുരിക്കാ ശേരി സെന്റ് മേരീസ് എച്ച്എസ്എസില്‍ ജൂലൈ 5 ഞായറാഴ്ച നടക്കും.

കെസിബിസി പ്രസിഡന്റ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്യും. കെസിബിസി യുവജന കമ്മീഷന്‍ ചെയര്‍മാനും ഇടുക്കി രൂപതാധ്യക്ഷനുമായ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

 കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിന്‍ ഷാജി അധ്യക്ഷത വഹിക്കും. ഇടുക്കി രൂപത ജനറാള്‍ മോണ്‍. ജോസ് കരിവേലില്‍ മുഖ്യസന്ദേശം നല്‍കും.

യുവജന ദിനാഘോഷത്തോടനുബന്ധിച്ച് യുവജന ദിന റാലി, യുവജന സംഗമം, പൊതുസമ്മേളനം, ഫ്രാന്‍സിസ്‌കന്‍ വര്‍ഷത്തോടനുബന്ധിച്ച് യുവജന മാസാചരണ ഔദ്യോഗിക ഉദ്ഘാടനം, സ്ത്രീ ശാക്തീകരണം മുന്നില്‍ കണ്ടുകൊണ്ടുള്ള സംസ്ഥാനതല വനിതാ ക്യാമ്പിന്റെ ലോഗോ പ്രകാശനം, കലാ-സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ നടക്കും. 

കേരളത്തിലെ 32 രൂപതകളില്‍ നിന്നുള്ള യുവജനങ്ങള്‍ പങ്കെടുക്കും.

യുവജന ദിനാഘോഷത്തിന് കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, അസി. ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. നോര്‍ബര്‍ട്ട സിടിസി, ജനറല്‍ സെക്രട്ടറി കാസി പൂപ്പന, വൈസ് പ്രസിഡന്റുമാരായ സാം സണ്ണി, ആഗി മരിയ ജോസഫ്, സെക്രട്ടറിമാരായ സെഞ്ചു ജേക്കബ്, പ്രിന്‍സി പീറ്റര്‍, ധന്യ മോഹന്‍രാജ്, ജോയല്‍ ജോണ്‍ റോയ്, ട്രഷറര്‍ ജെന്‍സണ്‍ ആല്‍ബി കെസിവൈഎം ഇടുക്കി രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മനക്കലേട്ട്, ആനിമേറ്റര്‍ സിസ്റ്റര്‍ ലിന്റ എസ്എബിഎസ്, പ്രസിഡന്റ് അമല്‍ ജിജു ജോസഫ്, ജനറല്‍ സെക്രട്ടറി ബിജോ ബൈജു തുടങ്ങിവര്‍ നേതൃത്വം നല്‍കും.

സംഗമത്തോടനുബന്ധിച്ച് ഇടുക്കിയുടെ പ്രധാന കേന്ദ്രങ്ങളില്‍നിന്നും വിവിധ മേഖലകളുടെ നേതൃത്വ ത്തില്‍ ദീപശിഖ, പതാക, വിശുദ്ധ തോമസ് മൂര്‍ ഛായചിത്ര പ്രയാണ റാലികള്‍ എന്നിവ നടത്തുന്നുണ്ട്.

'കാലത്തെ ചേര്‍ത്തുപിടിച്ച് ഭാവിയെ ജ്വലിപ്പിക്കുക' എന്ന സന്ദേശവുമായി നടത്തുന്ന 'കെയ്റോസ് 2026' കാലത്തിന്റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് വിശ്വാസത്തിലും സാമൂഹിക പ്രതിബദ്ധതയിലും മുന്നേറുന്ന യുവജനതയെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.
 

Tags

Share this story

From Around the Web