കെസിഎല്‍ ഗാലറിയില്‍ ഇരുന്ന് ക്യാച്ചെടുക്കുന്നവര്‍ക്ക് നേടാം 6,000 രൂപ ക്യാഷ് പ്രൈസ്,  പ്രവേശനം സൗജന്യം

 
kcl


കെസിഎല്‍ ഗാലറിയില്‍ ഇരുന്ന് ക്യാച്ചെടുക്കുന്നവര്‍ക്ക് നേടാം 6,000 രൂപ ക്യാഷ് പ്രൈസ്,  പ്രവേശനം സൗജന്യം
 
    

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ മത്സരങ്ങള്‍ കാണാനെത്തുന്ന കായികപ്രേമികളെ കാത്ത് ഭാഗ്യസമ്മാനം. മത്സരത്തിന്റെ ത്രില്ലിനൊപ്പം ആരാധകര്‍ക്ക് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാനുള്ള സുവര്‍ണാവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്. പ്രിയതാരങ്ങള്‍ പായിക്കുന്ന സിക്‌സറുകള്‍ ഗാലറിയിലിരുന്ന് കൈപ്പിടിയിലൊതുക്കുന്ന ഭാഗ്യശാലികള്‍ക്ക് ഓരോ ക്യാച്ചിനും 6,000 രൂപ വീതം ക്യാഷ് പ്രൈസ് സ്വന്തമാക്കാം. ഇതിനായി ആദ്യം കെസിഎല്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം.

  
കാണികള്‍ എടുക്കുന്ന ക്യാച്ചുകള്‍ അത്യാധുനിക വീഡിയോ സംവിധാനങ്ങള്‍ വഴി പരിശോധിച്ച് ഉറപ്പുവരുത്തിയാണ് വിജയികളെ കണ്ടെത്തുക. പന്ത് പിടിച്ചെടുക്കുന്ന ഭാഗ്യശാലികള്‍ മത്സരം പൂര്‍ത്തിയായ ഉടന്‍ തന്നെ സ്റ്റേഡിയത്തിലെ ഫാന്‍ വില്ലേജില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യണം.
ഓണാവധിക്ക് സ്‌കൂളുകള്‍ അടച്ചതോടെ കുട്ടികള്‍ ഉള്‍പ്പെടെ കുടുംബ സമേതം ആളുകള്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ എത്തി തുടങ്ങി. വരും ദിവസങ്ങളിലെ ആവേശപ്പോരാട്ടങ്ങള്‍ ഗാലറിയില്‍ കൂടുതല്‍ ആരവമുണര്‍ത്തുമെന്നാണ് പ്രതീക്ഷ.


മത്സരത്തോടൊപ്പം കുടുംബസമേതം ആസ്വദിക്കാന്‍ കഴിയുന്ന വലിയൊരു ആഘോഷവിരുന്നാണ് സ്റ്റേഡിയത്തിന്റെ അഞ്ചാം ഗേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന 'ഫാന്‍ വില്ലേജ്'. പ്രവേശനം തികച്ചും സൗജന്യമായ ഇവിടെ കൂട്ടുകാര്‍ക്കൊപ്പം സ്ലോ-മോഷന്‍ സിനിമാറ്റിക് വിഡിയോകള്‍ പകര്‍ത്താന്‍ കഴിയുന്ന 360 ഡിഗ്രി ഫോട്ടോബൂത്തും ഡിജിറ്റല്‍ കാരിക്കേച്ചര്‍ കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ ആംഗ്രി ബേര്‍ഡ് ഗെയിം, പബ് ജി, ഫീഡ് ദി ക്ലൗണ്‍, സിഗ് സാഗ് സൂപ്പ് തുടങ്ങിയ കാര്‍ണിവല്‍ ഗെയിമുകള്‍ക്കൊപ്പം 'ബാറ്റണ്‍ ക്യാച്ചര്‍', ഭീമന്‍ 'കണക്റ്റ്-4' എന്നീ വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്.


കൂടാതെ ഔദ്യോഗിക ടീം മെര്‍ച്ചന്‍ഡൈസ് സ്റ്റാളുകളും വൈവിധ്യമാര്‍ന്ന ഭക്ഷണശാലകളും ഫാന്‍ വില്ലേജിലുണ്ട്. ഓണക്കാലത്തെ ക്രിക്കറ്റ് കാര്‍ണിവലിന് കൂടുതല്‍ മാറ്റുകൂട്ടുന്ന സമഗ്രമായ അനുഭവമാണ് കാണികള്‍ക്കായി ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web