ഭിന്നശേഷി സംവരണം: മുഖ്യമന്ത്രി പിണറായി വിജയനുമായി കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ നിയമനത്തില്‍ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ കൂടിക്കാഴ്ച നടത്തി.
ഇന്നലെ വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. ഭിന്നശേഷി നിയമന കാര്യം സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടുമെന്ന് കര്‍ദ്ദിനാളിന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.
നിയമവശം പരിശോധിച്ച് ഉടന്‍ പരിഹാരം കണ്ടെത്തുമെന്നും മുഖ്യമന്ത്രി കര്‍ദ്ദിനാളിനെ അറിയിച്ചു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് നിലവിലുള്ള ആശങ്ക തീര്‍ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഭിന്നശേഷി നിയമനത്തില്‍ എന്‍എസ്എസ് മാനേജ്മെന്റിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് മറ്റു മാനേജ്മെന്റുകള്‍ക്ക് ബാധകമല്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരേ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്.
ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിതന്നെ നേരിട്ട് പ്രശ്നത്തില്‍ ഇടപെട്ടതും കര്‍ദ്ദിനാളുമായി ചര്‍ച്ച നടത്തിയതും.