കെസിബിസി നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കൊച്ചി: 37-ാമത് കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നാടകം തിരുവനന്തപുരം മലയാള നാടകവേദിയുടെ ഒരു സുന്ദര ദിവസവും രണ്ടാമത്തെ നാടകം തിരുവനന്തപുരം സംസ്‌കൃതിയുടെ ഭൂട്ടാനിയുമാണ്.
മികച്ച രചനയ്ക്കുള്ള പുരസ്‌കാരം ശ്രീകുമാര്‍ മാരാത്ത് നേടി (ഒരു സുന്ദര ദിവസം) മികച്ച സംവിധായികയായി സന്ധ്യാ രാജേന്ദ്രനും തിര ഞ്ഞെടുക്കപ്പെട്ടു (ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോള്‍, കാളിദാസ കലാകേന്ദ്രം).
മികച്ച നടന്‍ ആര്‍.എസ് അയ്യര്‍ (ഭൂട്ടാനി, തിരുവനന്തപുരം സംസ്‌കൃതി), മികച്ച നടി ഇന്ദുശ്രീ (ഭൂട്ടാനി), ജൂറിയുടെ പ്രത്യേക പരാമര്‍ശം വിനോദ് കുണ്ടുകാട് (നടന്‍, ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോള്‍, കാളിദാസ കലാകേന്ദ്രം), ശ്വാസം (നാടകം, കോഴിക്കോട് സങ്കീര്‍ത്തന).
പിഒസിയില്‍ നടന്ന നാടക മേളയുടെ സമാപന സമ്മേളനം ഫിഷറീസ് & സാമൂഹ്യനീതി വകുപ്പ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. കെസിബിസി മീഡിയ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു.
ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ് സിനിമ സംവിധായകന്‍ ഡോ. ഷെയ്‌സണ്‍ പി. ഔസേപ്പ് മുഖ്യാതിഥിയായിരുന്നു. പിഒസി ഡയറക്ടര്‍ ഫാ. തോമസ് തറയില്‍, ടി.ജെ വിനോദ് എംഎല്‍എം, കെ സിബിസി മീഡിയ സെക്രട്ടറി ഫാ. സെബാസ്റ്റിന്‍ മില്‍ട്ടണ്‍ എന്നിവര്‍ പ്രസംഗിച്ചു. ജൂറി അംഗം ഡോ. ചന്ദ്രദാസ് നാടകങ്ങളെ വിലയിരുത്തി സംസാരിച്ചു.
തുടര്‍ന്ന് സെന്റ് ജോസഫ്‌സ് കമ്യൂണിക്കേഷന്‍സിന്റെ നീതിയുടെ കാവല്‍ക്കാരന്‍ എന്ന പ്രദര്‍ശന നാടകം അവതരിപ്പിച്ചു.