പുതിയ മദ്യനയത്തില്‍ തിരുത്തലുകള്‍ വേണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി വിളിച്ചുചേര്‍ത്ത പൊതുജനാഭിപ്രായ സ്വരൂപണത്തില്‍ മദ്യത്തിന്റെ ദുരിതങ്ങള്‍ പേറുന്ന ഇരകളുടെയും ലഹരിവിരുദ്ധ പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.
എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകളുടെ പാത പിന്തുടരുന്നത് രാജ്യതാല്‍പ്പര്യത്തിന് ഗുണകരമാകുമെന്നും, കള്ളുഷാപ്പുകളില്‍ യഥാര്‍ത്ഥ കള്ള് മാത്രമാണ് വില്‍ക്കുന്നതെന്ന് എക്‌സൈസ് വകുപ്പ് ഉറപ്പാക്കണമെന്നും സമിതി വ്യക്തമാക്കി.
കള്ള് ഷാപ്പുകള്‍ ഹോട്ടലുകളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഇടതുസര്‍ക്കാരിന്റെ നയം 'കുട്ടികുടിയന്മാരെ' സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും, ഈ ജനവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നും പ്രസാദ് കുരുവിള കൂട്ടിച്ചേര്‍ത്തു.
കൂടാതെ, മദ്യത്തിന് ലൈസന്‍സ് നല്‍കുന്ന എക്‌സൈസ് വകുപ്പിനെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രക്രിയയില്‍ നിന്നും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.