കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വിവിധ വിഷയങ്ങളിൽ മെമ്മോറാണ്ടം സമർപ്പിച്ചു
കൊച്ചി: കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തിലുള്ള കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രി അഡ്വ. വി. ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. പുതിയ മന്ത്രിസഭയ്ക്ക് ആശംസകൾ അറിയിച്ച സംഘം സമൂഹവും സഭയും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു.
മലയോര, തീരദേശ മേഖലകളിൽ ജീവിക്കുന്നവർ നേരിടുന്ന പ്രതിസന്ധികൾ സംബന്ധിച്ച് സംഘം ചർച്ച നടത്തി. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ കൂടാതെ അഗതിമന്ദിരങ്ങളും അനാഥാലയങ്ങളും നേരിടുന്ന വെല്ലുവിളികളും സംഘം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
മുനമ്പം വിഷയം, ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കൽ, ദളിത് ക്രൈസ്തവർ നേരിടുന്ന അവകാശ നിഷേധങ്ങൾ, സംസ്ഥാനത്തെ മദ്യവ്യാപനം എന്നീ വിഷയങ്ങൾ ഉൾക്കൊള്ളുന്ന മെമ്മോറാണ്ടം കെസിബിസി പ്രസിഡന്റ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കെസിബിസി ഉന്നയിച്ച വിഷയങ്ങളിൽ നീതിപൂർവമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയും സഹമന്ത്രിമാരും സംഘത്തിന് ഉറപ്പു നൽകി.