കെസിബിസിയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം
കൊച്ചി: കെസിബിസിയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം. പാലാരിവട്ടം പിഒസിയില്‍ ഇന്നലെ നടന്ന സമാപനാഘോഷങ്ങളില്‍ കേരളത്തിലെ 32 രൂപതകളില്‍നിന്നുള്ള വൈദികര്‍, സന്യാസിനികള്‍, വിശ്വാസികള്‍ എന്നിവര്‍ പങ്കെടുത്തു. സമൂഹബലിയില്‍ കെസിബിസിയുടെ പുതിയ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കെസിബിസിയിലെ മെത്രാന്മാരും വിവിധ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും വൈദികരും സഹകാര്‍മികരായി.
കഴിഞ്ഞ വര്‍ഷങ്ങളിലെ ദൈവാനു ഗ്രഹങ്ങള്‍ സ്മരിക്കുകയും സഭയുടെ സുവിശേഷ ദൗത്യത്തിന് പുതുക്കിയ പ്രതിജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. സഭയുടെ ഐക്യം, ദൗത്യബോധം, സുവിശേഷ മൂല്യങ്ങള്‍ എന്നിവ സമൂഹത്തില്‍ സാക്ഷ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം പ്രധാനമാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ സന്ദേശത്തില്‍ പറഞ്ഞു. കേരളസഭയുടെ അനുഗ്രഹപാരമ്പര്യത്തോടും സുവിശേഷവത്കരണത്തോടും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളോടുമുള്ള പ്രതിബദ്ധതയെയും ശക്തമായി ഓര്‍മപ്പെടുത്തുന്നതാണ് ജൂബിലിയെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പുമാരായ മാര്‍ പോളി കണ്ണൂക്കാടന്‍, ഡോ. അലക്സ് വടക്കുംതല എന്നിവര്‍ പ്രസംഗിച്ചു.